ഇംഫാല്‍: കേരളത്തെ തോല്പിച്ച് (2-1) മണിപ്പൂര്‍ സന്തോഷ് ട്രോഫി ഫുട്ബാള്‍ കപ്പ് നേടി. ഇതാദ്യമായാണ് മണിപ്പൂര്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാവുന്നത്.
മണിപ്പൂരിനെ അനായാസം തോല്പിയ്ക്കാമെന്ന് കരുതി കളത്തിലിറങ്ങിയ കേരളത്തിന് ഇത് തിരിച്ചടിയായി. ഒന്നുകൂടി സന്തോഷ് ട്രോഫി കേരളത്തിലേയ്ക്ക് കൊണ്ടുവരാമെന്ന് കരുതി ഇംഫാലിലെത്തിയ മലയാള ഫുട്ട്ബാള്‍ സംഘത്തിന് ഇശ്ചാഭംഗം ഉണ്ടാക്കിക്കൊണ്ട് എക്സ്ട്രാ ടൈമിലാണ് മണിപ്പൂര്‍ വിജയ ഗോള്‍ നേടിയത്.
തുടക്കം മുതലേതന്നെ മണിപ്പൂര്‍ മികച്ച ഫോമിലായിരുന്നു. ഏഴാം മിനുട്ടില്‍ തന്നെ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. ടിക്കന്‍ സിംങാണ് ആദ്യ ഗോള്‍ നേടിയത്. ഈ ഗോള്‍ കേരളത്തിന് അപ്രതീക്ഷിതമായിരുന്നു. തുടര്‍ന്ന് ഒന്ന് ഉണരാന്‍ ശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ഒന്നും കാര്യമായി ചെയ്യാനായില്ല. കേരളത്തിന്റെ അബ്ദുള്‍ നൗഷാദ് വൈകി നേടിയ ഗോളാണ് സമനിലയ്ക്ക് കാരണമായത്. ഇത് രണ്ടാം പകുതിയുടെ അവസാന മിനുട്ടിലായിരുന്നു. അല്ലെങ്കില്‍ ഒരു ഗോള്‍ പോലും നേടാനാവാതെ കേരളത്തിന് തോല്കേണ്ടി വരുമായിരുന്നു.
സമനില മാറ്റാനായി എക്സ്ട്രാ ടൈം നല്‍കി. പിന്നെ വൈകാതെ തന്നം തോംബാ സിഗിന്റെ വിജയ ഗോള്‍ മണിപ്പൂര്‍ നേടി. കളിയുടെ മികവ് വച്ച് നോക്കിയാല്‍ മണിപ്പൂര്‍ കൂടുതല്‍ ഗോളുകള്‍ക്ക് വിജയിയ്ക്കേണ്ടതായിരുന്നു.