ദില്ലി: 59 ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ കേരളം നേടി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഇഷ്യസ് നേടിയ ഗോളാണ് കേരളത്തിന് കപ്പ് നേടിക്കൊടുത്തത്. (2-3)
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. അബ്ദുള്‍ നൗഷാദാണ് കേരളത്തിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.
നിശ്ചിത സമയം തീരുന്നതിന് മിനുട്ടുകള്‍ക്ക് തൊട്ട് മുമ്പ് കിട്ടിയ പെനാലിറ്റികിക്ക് ഗോളാക്കാനാവാതെ കളി എക്സ്ട്രാ ടൈമിലേയ്ക്ക് നീങ്ങിയപ്പോള്‍ കേരളത്തിലെ കാണികളുടെ മനസ്സില്‍ നിരാശ ഉടലെടുത്തതാണ്. എങ്കിലും തുടര്‍ന്നുള്ള കളിയിലും കേരളത്തിന്റെ ചുണക്കുട്ടന്മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പഞ്ചാബിന് കാര്യമായി പ്രതികരിയ്ക്കാനായില്ല.
കളിക്കാര്‍ക്കെല്ലാം കേരളത്തിലെ കായിക വകുപ്പ് പ്രഖ്യാപിച്ച 50,000 രൂപ ലഭിയ്ക്കും. ജോലി ഇല്ലാത്ത മൂന്ന് കളിക്കാര്‍ക്ക് ജോലിയും കിട്ടും. ഇതും സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.
കേരളത്തിന് ഒരു ഗോള്‍ കൂടി(2-3)
സമയം 4.53 പി എം
ഒക്ടോബര്‍ 31, 2004
ദില്ലി: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം മുന്നാമത്തെ ഗോള്‍ നേടി. കേരളത്തിന് വേണ്ടി ഇഷ്യസാണ് ഗോള്‍നേടിയത്.
കളി അവസാനിയ്ക്കാന്‍ ഇനിയും 15 ലേറെ മിനുട്ടുകൂടി ബാക്കിയുണ്ട്. ഇനി പഞ്ചാബ് ഗോള്‍ നേടാതിരിയ്ക്കാനുള്ള ശ്രമമായിരിയ്ക്കും കേരളം പ്രധാനമായും നടത്തുന്നത്.
നിശ്ചിത സമയം കഴിഞ്ഞു. ഇനി കളി എക്സ്ട്രാ ടൈമില്‍
സമയം 4.33 പി എം
ഒക്ടോബര്‍ 31, 2004
ദില്ലി: സന്തോഷ് ട്രോഫിയുടെ നിശ്ചിത സമയ കളി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയിലാണ്. തുടര്‍ന്ന് കളി എക്സ്ട്രാ ടൈമിലേയ്ക്ക് നീങ്ങി.അരമണിയ്ക്കൂറാണ് എക്സട്രാ ടൈം. 15 മിനുട്ട് വീതമുള്ള രണ്ട് ഘട്ടങ്ങളായിരിയ്ക്കും എക്സട്രാ ടൈം.
രണ്ട് പേര്‍ക്കും രണ്ട് ഗോള്‍ വീതം
സമയം 3.47 പി എം
ഒക്ടോബര്‍ 31, 2004
ദില്ലി: കളി വീണ്ടും സമനിലയിലാണ് തുടരുന്നത്. ഓരോ ഗോള്‍ നേടി സമനിലയില്‍ നിന്ന കളി പെട്ടെന്നാണ് മാറിയത്. ഒരു ഗോള്‍ കൂടി നേടി പഞ്ചാബ് മുന്നിലെത്തി. എന്നാല്‍ ഒട്ടും വൈകാതെ കേരളം ഗോള്‍ മടക്കി സമ നില നേടി (2-2)
നിമിഷങ്ങള്‍ക്കിടയില്‍ നടന്ന ഈ ഗോള്‍ വേട്ട കാണികള്‍ക്ക് നല്‍കിയ ആവേശം ഏറെയാണ്.
പഞ്ചാബിന് ഗോള്‍, സമനില(1-1)
സമയം 3.41 പി എം
ഒക്ടോബര്‍ 31, 2004
ദില്ലി: കളിയുടെ രണ്ടാം പകുതിയുടെ ആറാം മിനുട്ടില്‍ പഞ്ചാബ് ഒരു ഗോള്‍ നേടി സമനില കണ്ടു. പഞ്ചാബിന്റെ ഹര്‍ദീപ് ഗില്ലാണ് ഗോള്‍ നേടിയത്.
കേരളത്തിന്റെ തുടര്‍ന്നുള്ള കളിയെ മുള്‍മുനയില്‍ നിറുത്തുന്നതായി ഹര്‍ദീപിന്റെ ഈ ഗോള്‍. ആദ്യ പകുതിയ്ക്ക് ശേഷം കേരളത്തിന്റെ ചെറുത്ത് നില്‍പ്പിന്റെ ശക്തി കുറഞ്ഞോ എന്നം സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ആദ്യ പകുതി കഴിഞ്ഞു, കേരളം തന്നെ മുന്നില്‍
സമയം 3.23 പി എം
ഒക്ടോബര്‍ 31, 2004
ദില്ലി: ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതി കഴിയുമ്പോഴും പഞ്ചാബിന് ഗോളൊന്നും നേടാനയില്ല.
പഞ്ചാബ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കേരളത്തിന്റെ മികച്ച കളിയില്‍ അവരുടെ ശ്രമങ്ങള്‍ പാഴാവുകയായിരുന്നു. എന്നാല്‍ കളിയിലെ തന്ത്രത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത പഞ്ചാബിനെ തള്ളിക്കളയാനാവില്ല. ഇടവേളയ്ക്ക് ശേഷം പഞ്ചാബ് പുത്തന്‍ തന്ത്രങ്ങളുമായിട്ടായിരിയ്ക്കും കളിയ്ക്കിറങ്ങുക.
സന്തോഷ് ട്രോഫി കേരളത്തിന് ആദ്യ ഗോള്‍
സമയം 3.10 പിഎം
ഒക്ടോബര്‍ 31, 2004
ദില്ലി: 59ാമത് സന്തോഷ് ട്രോഫി ഫുട്ട്ബോളിന്റെ ഫൈനല്‍ മത്സരത്തില്‍ ആദ്യ ഗോള്‍ കേരളം നേടി. പഞ്ചാബിന് ഇതുവരെ ഗോളൊന്നും നേടാനായിട്ടില്ല.
വിജേഷ് ബെന്നാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.