ആതന്‍സ്: ഒളിമ്പിക്സില്‍ സ്ത്രീകളുടെ 400 മീറ്റര്‍ റിലേ ഫൈനലില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. ദേശീയ റെക്കോഡോടെ യോഗ്യതാ റൗണ്ടില്‍ നിന്നും ഫൈനലിലേക്ക് കടന്ന ഇന്ത്യയ്ക്ക് പക്ഷെ അതേ പ്രകടനം ആവര്‍ത്തിക്കാനായില്ല.
മഞ്ജിത് കൗറിന്റെ അഭാവമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. യോഗ്യതാറൗണ്ടില്‍ ഇന്ത്യയ്ക്ക് നല്ല തുടക്കം നല്കിയത് ആദ്യലാപ്പില്‍ ഓടിയ മഞ്ജിത് കൗറായിരുന്നു. പനിയും ഛര്‍ദ്ദിയും മൂലം മഞ്ജിത് കൗര്‍ ഫൈനലില്‍ ഓടിയില്ല. പകരം ആന്ധ്രയിലെ എസ്. ഗീതയാണ് ആദ്യ ലാപ്പില്‍ ഓടിയത്. ഗീത കെ.എം. ബീനമോള്‍ക്ക് ബാറ്റണ്‍ കൈമാറുമ്പോള്‍ ഇന്ത്യ പിന്നിലായിരുന്നു. പിന്നീട് ബീനമോളും ചിത്ര കെ. സോമനും നടത്തിയ കുതിപ്പില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനത്തെത്താന്‍ കഴിഞ്ഞു. അവസാനലാപ്പില്‍ രജ്വീന്ദര്‍ കൗറിനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
മൂന്ന് മിനിറ്റ് 19.01 സെക്കന്റോടെ യുഎസ് ഒന്നാം സ്ഥാനത്തെത്തി. റഷ്യയും ജമൈക്കയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.