ദില്ലി: പാകിസ്ഥാന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരേയൊരു പുതുമുഖമേയുള്ളൂ- മുംബൈയുടെ ഓഫ് സ്പിന്നര്‍ രമേഷ് പവാര്‍.
രമേഷിനെയും കുല്‍മണി പാരിദയെയുമാണ് ഓഫ് സ്പിന്നര്‍മാരായി പരിഗണിച്ചിരുന്നത്. എന്നാല്‍ ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് രമേഷ് പവാറിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
മുംബൈയ്ക്ക് കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി നേടിക്കൊടുക്കാന്‍ സഹായിച്ചത് രമേഷ് പവാറിന്റെ ബൗളിംഗ് പാടവമാണ്. വിക്കറ്റെടുക്കുക മാത്രമല്ല, കഴിഞ്ഞ രഞ്ജിയില്‍ രമേഷിന്റെ റണ്‍ ശരാശരി 47 ആണ്.
തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന് വാര്‍ത്താലേഖകരോട് രമേഷ് പവാര്‍ പറഞ്ഞു. പരിക്കേറ്റ് പുറത്തുപോയ ഹര്‍ഭജന് പകരമായാണ് രമേഷ് പവാര്‍ ടീമില്‍ എത്തിയിരിക്കുന്നത്.
ഹര്‍ഭജന്‍ ഒരു മികച്ച ബൗളറാണ്. ആസ്ത്രേല്യയില്‍ ഹര്‍ഭജന്‍ അത് തെളിയ്ക്കുകയും ചെയ്തു. ഹര്‍ഭജന് പകരം ഒരാള്‍ ഇല്ല. എങ്കിലും ഞാന്‍ എന്റെ പരമാവധി പ്രയത്നിക്കും. - രമേഷ് പവാര്‍ പറഞ്ഞു.
ഗവാസ്കറിന്റെ മകന്‍ രോഹന്‍ ഗവാസ്കറെ ടീമില്‍ എടുത്തിട്ടില്ല. പകരം പരിക്കേറ്റ് പുറത്തായിരുന്ന മുഹമ്മദ് കൈഫ് ടീമില്‍ മടങ്ങിയെത്തി. മുരളി കാര്‍ത്തിക്കും പവാറുമായിരിക്കും സ്പിന്നര്‍മാര്‍. സ്പെഷ്യലിസ്റ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വിവിഎസ്. ലക്ഷ്മണ്‍, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, ഹേമംഗ് ബദാനി, പാര്‍ത്ഥിവ് പട്ടേല്‍, മുരളി കാര്‍ത്തിക്, സഹീര്‍ഖാന്‍, ആശിശ് നെഹ്റ, ഇര്‍ഫാന്‍ പത്താന്‍, ബാലാജി, രമേഷ് പവാര്‍.