കൊച്ചി: ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ സ്പോര്‍ട്ട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള എം ആര്‍ എഫ് മോട്ടോക്രോസ് അഞ്ചാംപാദ മത്സരങ്ങളില്‍ ടി വി എസ് റേസിംഗ് ടീം അംഗങ്ങള്‍ മേധാവിത്വം നിലനിര്‍ത്തി. എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലു ക്ലാസുകളിലും ടി വി എസ് അംഗങ്ങള്‍ ഒന്നാമതെത്തി.
250 സി സി വരെയുള്ള സോളോ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പൂനെയില്‍ നിന്നുള്ള ധ്യാനേശ്വര്‍ ബര്‍ഗുജെ ജേതാവായി. ടി വി എസിന്റെ നിപ്പെന്‍ഡര്‍ ജാസെയും കുനാല്‍ സിംഹും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സുസുക്കി ഷാവോലിനുമായി മത്സരത്തിനെത്തിയ നിപ്പെന്‍ഡര്‍ ജാസെ ഒന്നാം സ്ഥാനവും കുനാല്‍ സിംഗ് രണ്ടാം സ്ഥാനവും ധ്യാനേശ്വര്‍ ബര്‍ഗുജെ മൂന്നാം സ്ഥാനവും നേടി.
നോവിസസ് ക്ലാസില്‍ ടി വി എസിന്റെ അമോല്‍ തര്‍പോഡേ വിജയിച്ചു. സഞ്ജയ് പട്ടേല്‍ രണ്ടാം സ്ഥാനവും സൗരവ് പെന്‍സേ മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യന്‍ഷിപ്പില്‍ ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ഫോര്‍സ്ട്രോക്ക് ക്ലാസില്‍ സുസുക്കി ഫിയെറോയുമായി മത്സരിച്ച കുനാല്‍ സിംഗ് ഒന്നാമതെത്തി. ജി . പ്രസാദ് രണ്ടാമതും അശുതോഷ് കാലെ മൂന്നാമതും ഫിനിഷ് ചെയ്തു.
കൊച്ചിയിലെ യുവാക്കള്‍ക്കായി നടത്തിയ പ്രത്യേക മത്സരത്തില്‍ സി.ഡി ജിനന്‍, ബിനു ജോണ്‍, എ.ഡി അനില്‍ എന്നിവര്‍ ജേതാക്കള്‍ ആയി.
സിറ്റി പൊലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിന്‍ഹ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.