ദില്ലി: മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന് പൊലീസ് പറയുന്നു. ഒരു സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രഭാകറിനെ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന വിവരം അറിയുന്നതത്രെ.
ദില്ലി, രാജസ്ഥാന്‍, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളിലെ പൊലീസാണ് പ്രഭാകറിനു വേണ്ടി അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി പ്രഭാകറിനെത്തേടി പൊലീസ് അലഞ്ഞു നടക്കുകയാണ്. ജയ്പൂരില്‍ ഉണ്ടാകുമെന്ന് കരുതി പൊലീസ് അവിടെ എത്തിയെങ്കിലും പ്രഭാകറിനെ കാണാനായില്ല.
അറസ്റു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തയാഴ്ചയോടെ പ്രഭാകറിനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്ന് ഉത്തരാഞ്ചല്‍ ഡിജിപി അശോക് കാന്ത് ശരണ്‍ വ്യക്തമാക്കി. കുറ്റവാളിയായി പ്രഖ്യാപിച്ച് ഒരു മാസത്തിനു ശേഷവും പ്രഭാകര്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ അദ്ദേഹത്തെ കാണിച്ചു തരുന്നവര്‍ക്ക് കാഷ് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
39 ടെസ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള പ്രഭാകറിനെ ക്രിക്കറ്റ് കോഴവിവാദവുമായി ബന്ധപ്പെട്ട് സിബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ബിസിസിഐ അദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്.