മുംബൈ: ഇന്ത്യയില്‍ നിന്ന് ഏറ്റുവാങ്ങിയ ആദ്യ പരാജയത്തിന് മുംബൈയിലെ വാങ്കഡെ സ്റേഡിയത്തില്‍ പകരം ചോദിയ്ക്കുമെന്ന് ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ത്രിരാഷ്ട്രക്കപ്പില്‍ നവമ്പര്‍ ഒന്ന് ശനിയാഴ്ച ഇന്ത്യയും ആസ്ത്രേല്യയും രണ്ടാമത് മാറ്റുരയ്ക്കുകയാണ്.
സച്ചിനെ ഏത്രയും വേഗം പുറത്താക്കുകയെന്നതാണ് ലക്ഷ്യമെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. സച്ചിന്റെ സ്വന്തം ഗ്രൗണ്ടായതിനാല്‍ അദ്ദേഹം ഏറെ സമ്മര്‍ദ്ദം അനുഭവിയ്ക്കും. നാട്ടുകാരുടെ പ്രോത്സാഹനം വേണ്ടത്ര ലഭിയ്ക്കുമ്പോഴും പ്രതീക്ഷിച്ചപോലെ റണ്ണെടുക്കാനാവാതെ വന്നാല്‍ സച്ചിന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിനടിപ്പെടും. താനും സ്വന്തം ഗ്രൗണ്ടായ ആസ്ത്രേല്യയിലെ ബെല്ലെറീവ് ഓവലില്‍ ഏറെ സമ്മര്‍ദ്ദം അനുഭവിയ്ക്കാറുണ്ടെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം റിക്കി പോണ്ടിംഗ് ക്രിക്കറ്റിലെ മികച്ച അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന്റെ തിരക്കിലായിരുന്നു. ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റര്‍ക്കുള്ള വിസ്ഡന്‍ അവാര്‍ഡും സിയറ്റ് അവാര്‍ഡും റിക്കി പോണ്ടിംഗിനായിരുന്നു. പക്ഷെ അവാര്‍ഡുകള്‍ ഇപ്പോള്‍ തനിയ്ക്ക് വലിയ കാര്യമല്ലെന്നും മുംബൈയില്‍ ഇന്ത്യയ്ക്കെതിരായ കളിയിലാണ് തന്റെ മുഴുവന്‍ ശ്രദ്ധയെന്നും റിക്കി പോണ്ടിംഗ് പറയുന്നു.
ഇന്ത്യയുടെ സ്പിന്നര്‍മാരാണ് ആസ്ത്രേല്യയുടെ മറ്റൊരു തലവേദന. ഗ്വാളിയോറില്‍ ആസ്ത്രേല്യയെ തകര്‍ത്തത് സ്പിന്നര്‍മാരായ അനില്‍ കുംബ്ലെയും ഹര്‍ഭജനും ചേര്‍ന്നാണ്. വാങ്കഡേയില്‍ സ്പിന്നര്‍മാര്‍ തന്നെയായിരിക്കും പ്രധാന വെല്ലുവിളിയെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു. വാങ്കഡെയില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കൂടുതല്‍ ശ്രദ്ധയോടെ കളിയ്ക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.