പാരീസ്: നാട്ടുകാരുടെ മനസ്സുതുറന്ന പിന്തുണയുമായി കളിച്ച ഫ്രാന്‍സിന്റെ മേരി പിയേഴ്സിന് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം. സ്പെയിന്‍കാരിയായ അഞ്ചാം സീഡ് കൊഞ്ചിറ്റ മാര്‍ട്ടിനെസിനെ 6-2, 7-5 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് പിയേഴ്സ് ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്.
രണ്ടു മണിക്കൂറോളം നീണ്ട കളിയുടെ തുടക്കത്തില്‍ തന്നെ മേധാവിത്തം പ്രദര്‍ശിപ്പിച്ച പിയേഴ്സ് ആദ്യസെറ്റില്‍ കൊഞ്ചിറ്റയുടെ സെര്‍വ് രണ്ടു തവണ ഭേദിച്ചു. സ്ഥിരം ഫോമിലേക്ക് കൊഞ്ചിറ്റ ഉയരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച പിയേഴ്സ് സെറ്റ് 6-2-ന് അനായാസം നേടി.
അപ്പോള്‍ത്തന്നെ ഫ്രഞ്ചുകാര്‍ ഒരു അനായാസ ഫ്രഞ്ച് വിജയം മണത്തതാണ്. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവു നടത്തിയ കൊഞ്ചിറ്റ പിയേഴ്സിന്റെ രണ്ടു സെര്‍വുകള്‍ ഭേദിച്ചു. എന്നാല്‍ ഓരോ തവണയും കൊഞ്ചിറ്റയുമായി സ്കോറില്‍ തുല്യത പാലിച്ച പിയേഴ്സ് അവസാനഘട്ടത്തില്‍ കൊഞ്ചിറ്റയുടെ ഒരു സെര്‍വ് കൂടി ഭേദിച്ച് മാച്ചും കിരീടവും സ്വന്തമാക്കി.
1994--ല്‍ റൊളാംഗ് ഗാരോസില്‍ ഫൈനലിലെത്തിയെങ്കിലും തോല്‍ക്കാനായിരുന്നു പിയേഴ്സിന് വിധി. പിന്നീടൊരിക്കലും നാലാം റൗണ്ടിനപ്പുറം പിയേഴ്സിന് ഫ്രഞ്ച് ഓപ്പണില്‍ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. 95-ലെ ആസ്ത്രേലിയന്‍ ഓപ്പണ്‍ മാത്രമാണ് പിയേഴ്സ് ഇതിനുമുമ്പ് നേടിയ ഗ്രാന്റ്സ്ലാം കിരീടം. ഇപ്പോള്‍ ലോക ഏഴാം നമ്പര്‍ വനിതാ താരമാണ്.