സിഡ്നി: ഒളിമ്പിക്സിന് സപ്തംബര്‍ 15 വെള്ളിയാഴ്ച ദീപശിഖ തെളിയുന്നു. സിഡ്നിയിലെ ഒളിമ്പിക് ഗ്രാമം വന്‍പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ ലഹരിയിലമരാനൊരുങ്ങുകയാണ് എമ്പാടുമുള്ള കായികപ്രേമികള്‍.
199 രാജ്യങ്ങളിലെ 11,000 അത്ലറ്റുകളാണ് സിഡ്നി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. 28 ഇനങ്ങളിലായി 300 സ്വര്‍ണമെഡലുകളടക്കം ആയിരം മെഡലുകള്‍ക്കു വേണ്ടിയാണ് കായികപ്രതിഭകള്‍ പോരാടുന്നത്.
അത്ലറ്റുകളുടെ എണ്ണവും ഇത്തവണ കൂടുതലാണ്. അറ്റ് ലാന്റ ഒളിമ്പിക്സിലേതില്‍ പങ്കെടുത്ത അത്ലറ്റുകളേക്കാള്‍ 700 പേര്‍ കൂടുതലായി ഇത്തവണ സിഡ്നിയില്‍ മാറ്റുരക്കുന്നു.
സിഡ്നിയിലെ പ്രധാന സ്റേഡിയത്തില്‍ 14,000ത്തോളം പേര്‍ മത്സരങ്ങള്‍ നേരിട്ടുകാണാനെത്തുമ്പോള്‍ ലോകമെങ്ങും 370 കോടി പേര്‍ ടി.വി. യിലൂടെ ഒളിമ്പിക്സ് ദൃശ്യങ്ങള്‍ കാണും.
ഇന്ത്യയില്‍ ദൂരദര്‍ശനാണ് ഒളിമ്പിക്സ് സംപ്രേഷണം ചെയ്യുന്നത്.ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിന്‍െറ തത്സമയ സംപ്രേഷണം സപ്തംബര്‍ 15 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം 1.15 ന് ദൂരദര്‍ശനില്‍ കാണാം.
ടെന്നീസ് താരം ലിയാണ്ടര്‍ പെയ്സാണ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക. ലിയാണ്ടര്‍ പെയ്സ് സപ്തംബര്‍ 14 ബുധനാഴ്ച സിഡ്നിയില്‍ എത്തി.ഇന്ത്യന്‍ പതാക പിടിക്കുകയെന്നത് ഏതൊരു ഇന്ത്യന്‍ അത്ലറ്റിന്‍െറയും സ്വപ്നമാണ് .അതിനുള്ള അവസരം ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട് -പെയ്സ് പത്രക്കാരോട് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ഒളിമ്പിക്സിന് സാക്ഷ്യം വഹിക്കാനൊരുങ്ങിയിരിക്കുന്ന സിഡ്നിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്കു മുമ്പു തന്നെ ഫുട്ബോള്‍ മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
അറ്റ്ലാന്റ ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ അമേരിക്കക്കു തന്നെയാണ് ഇത്തവണയും മുന്നിലെത്താനുള്ള സാധ്യത കല്പിക്കപ്പെടുന്നത്. കഴിഞ്ഞ ഒളിമ്പിക്സില്‍ 44 സ്വര്‍ണവും 32 വെള്ളിയും 25 വെങ്കലവുമാണ് അമേരിക്കന്‍ അത്ലറ്റുകള്‍ നേടിയത്.