സിഡ്നി:ഒളിംപിക്സ് മെഡല്‍ വേട്ടയില്‍ യു എസ് മുന്നേറ്റം തുടരുന്നു. ലോക കായികമാമാങ്കത്തിന്റെ ആറാം ദിവസം അവസാനിച്ചപ്പോള്‍ 11 സ്വര്‍ണ്ണവും 10 വെള്ളിയും 10 വെങ്കലവുമുള്‍പ്പെടെ 31 മെഡലുകള്‍ യു എസ് നേടി.
ആതിഥേയരായ ആസ്ത്രേലിയയാണ് രണ്ടാം സ്ഥാനത്ത്. എട്ട് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും എട്ട് വെങ്കലവുമുള്‍പ്പെടെ 25 മെഡലുകളാണ് ആസ്ത്രേലിയയുടെ സമ്പാദ്യം.
ഏഷ്യന്‍ കായിക ശക്തിയായ ചൈന മൂന്നാം സ്ഥാനത്തെത്തി. എട്ട് സ്വര്‍ണ്ണം നാല് വെള്ളി ഏഴ് വെങ്കലം ഉള്‍പ്പെടെ 19 മെഡലുകള്‍ ചൈന നേടി.
ഏഴ് സ്വര്‍ണ്ണവും ഒമ്പത് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ 20 മെഡലുകള്‍ നേടിയ ഫ്രാന്‍സ് നാലാം സ്ഥാനത്തും ഏഴ് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമുള്‍പ്പെടെ 18 മെഡലുകളോടെ ഇറ്റലി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.
വനിതകളുടെ 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ ഏക മെഡല്‍ മാത്രമേ ഇന്ത്യയുടെ പട്ടികയില്‍ ഇതുവരെയായുള്ളൂ.