സിഡ്നി: നീന്തലില്‍ മെഡല്‍ നേടാമെന്ന ഇന്ത്യന്‍ പ്രതീക്ഷകളും അസ്തമിച്ചു. ദേശീയ വനിതാ ചാംപ്യന്‍ നിഷാ മില്ലെറ്റ് സപ്തംബര്‍ 18 തിങ്കളാഴ്ച 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതിനെത്തുടര്‍ന്നാണിത്.
നേരത്തേ പുരുഷനീന്തല്‍ താരം ഷബീര്‍ ഹബീബുള്ള ഹക്കിമുദ്ദീനും 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ നിന്നു പുറത്തായിരുന്നു. ഹക്കിമും നിഷയുമുള്‍പ്പെടെയുള്ള രണ്ടംഗ ടീമാണ് നീന്തലില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സിഡ്നിയിലേയ്ക്കു പുറപ്പെട്ടിരുന്നത്.
നിഷമില്ലെറ്റിന് പ്രാഥമിക റൗണ്ടില്‍ 37 --ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ആകെ 39 താരങ്ങളാണ് ഈയിനത്തില്‍ മത്സരിക്കാനുണ്ടായിരുന്നത്. തന്റെ മികച്ച സമയമായ 2:06.62 നും വളരെ പിറകില്‍ 2.08.89 എന്ന സമയത്തിലാണ് ഒളിംപിക്സില്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ അവര്‍ പൂര്‍ത്തിയാക്കിയത്.
അടുത്തയിടെ ആസ്ത്രേലിയന്‍ ഏജ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിനെത്തുടര്‍ന്നാണ് നിഷ ഒളിംപ്ക്സില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. മെഡല്‍ നേടാമെന്ന മോഹമില്ലെങ്കിലും തന്റെ മികച്ച സമയം തിരുത്തിക്കുറിക്കാമെന്ന പ്രതീക്ഷയുള്ളതായി നിഷ മത്സരത്തിനു മുമ്പേ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു.