വിശാഖപട്ടണം: ഇരുപത്തിരണ്ട് വയസ്സില്‍ താഴെയുള്ളവരുടെ എട്ടാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസമായ നവംബര്‍ 21 ചൊവാഴ്ച കേരളം മൂന്നു സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കി.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസില്‍ ഉദയകുമാരനും (ഒമ്പതു മിനിറ്റ് 50.1 സെക്കന്റ്) 800 മീറ്റര്‍ ഓട്ടത്തില്‍ ജോസ്മോന്‍ മാത്യുവും (ഒരു മിനിറ്റ് 53.21 സെക്കന്റ്) കേരളത്തിനു വേണ്ടി സ്വര്‍ണ്ണം നേടി.
മൂന്നാമത്തെ സ്വര്‍ണ്ണം വനിതാവിഭാഗത്തിലെ 800 മീറ്ററില്‍ റിക്കാര്‍ഡോടെ ജേതാവായ ബിജിമോള്‍ കെ. ചാക്കോയിലൂടെയാണ് കേരളത്തിലെത്തിയത്. മഹാരാഷ്ട്രയുടെ വൈശാലി 1995ല്‍ സ്ഥാപിച്ച രണ്ടു മിനിറ്റ് 14.5 സെക്കന്റിന്റെ റിക്കാര്‍ഡ് ബിജിമോള്‍ രണ്ടു മിനിറ്റ് 12.65 സെക്കന്റായി തിരുത്തിയെഴുതി.