ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി വിദേശ കോച്ചിനെ നിയമിക്കുന്നത് ബി.സി.സി. ഐ പരിഗണിക്കുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡണ്ട് എ.സി. മുത്തയ്യ.
ഞങ്ങള്‍ ഒരു വിദേശ കോച്ചിനെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ മൂന്നു പേരുടെ കാര്യം വിശദമായി പരിഗണിച്ചുവരികയാണ്, മുത്തയ്യ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ആരെയൊക്കെയാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
ഇതോടെ കപില്‍ദേവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി തുടരുന്ന കാര്യം സംശയത്തിലായി. കോഴവിവാദവുമായി ബന്ധപ്പെട്ട് സപ്തംബര്‍ ഏഴിന് വ്യാഴാഴ്ച കപില്‍ ദേവിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
ഇന്ത്യന്‍ ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമെടുക്കുമെന്ന് മുത്തയ്യ പറഞ്ഞു. ഇക്കാര്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കും.
ഏഷ്യന്‍ ക്രിക്കറ്റ് ഫൗണ്ടേഷന്റെ (എ.സി.എഫ്) യോഗത്തില്‍ പങ്കെടുക്കാന്‍ ഷാര്‍ജയിലെത്തിയതായിരുന്നു മുത്തയ്യ.