മുംബൈ: ഇന്ത്യ-പാക് ക്രിക്കറ്റ് മുംബൈയില്‍ നടത്തുന്നതിന്റെ സാധ്യത ആരായാന്‍ പാക്ക്രിക്കറ്റ് കോച്ച് ജാവേദ് മിയാന്‍ദാദ് ഇന്ത്യയിലെത്തി. തന്റെ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ജൂലൈ 30 വെള്ളിയാഴ്ച ശിവസേനാ നേതാവ് ബാല്‍ താക്കറെയെ കാണാനെത്തി.
ഇന്ത്യാ-പാക് ക്രിക്കറ്റിനെ ശക്തമായ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ശിവസേന. ഇന്ത്യാ-പാക് ക്രിക്കറ്റിനെ ശക്തമായി എതിര്‍ക്കുന്ന താക്കറേ മിയാന്‍ദാദിന് കൂടിക്കാഴ്ചയ്ക്ക് അവസരം നല്കിയത് ക്രിക്കറ്റ് ലോകത്ത് പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ശിവസേനയുടെ പച്ചക്കൊടി കിട്ടിയാല്‍ മുംബൈയില്‍ ഇന്ത്യാ-പാക് ക്രിക്കറ്റിന് വഴിയൊരുങ്ങുമെന്ന് ജാവേദ് മിയാന്‍ദാദ് കണക്ക് കൂട്ടുന്നു.
1986ലെ ഷാര്‍ജാ കപ്പ് ഫൈനലില്‍ ചേതന്‍ ശര്‍മ്മയുടെ പന്ത് സിക്സറിലേക്ക് പായിച്ചുകൊണ്ടുള്ള മിയാന്‍ദാദിന്റെ പ്രകടനം മറക്കാനാവില്ലെന്ന് ബാല്‍ താക്കറെ വാര്‍ത്താലേഖകരോട് പറഞ്ഞു. ക്രിക്കറ്റിന് താന്‍ എതിരല്ല. പക്ഷെ കാര്‍ഗില്‍ പോലുള്ള സംഭവമുണ്ടായതിനാലാണ് ഇന്ത്യാ-പാക് ക്രിക്കറ്റിനെ ഞാന്‍ എതിര്‍ത്തത്. മിയാന്‍ദാദ് നേരിട്ട് എത്തിയിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ പാര്‍ട്ടി നേതാക്കളോട് സംസാരിച്ച് തീരുമാനിയ്ക്കും. - താക്കറേ പറഞ്ഞു.
സേനാ മേധാവിയുടെ പ്രതികരണം താന്‍ വിചാരിച്ചതിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന് ജാവേദ് മിയാന്‍ദാദ് പറഞ്ഞു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ദിലീപ് വെംഗ്സര്‍ക്കാരും മിയാന്‍ദാദിനൊപ്പമുണ്ടായിരുന്നു.