പാരീസ്: മൂന്നാം സീഡ് സ്വീഡന്റെ മാഗ്നസ് നോര്‍മന്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷവിഭാഗം സെമിഫൈനലില്‍ കടന്നു. ഈ പ്രാവശ്യത്തെ ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലെത്തുന്ന ഉയര്‍ന്ന സീഡുള്ള താരമാണ് നോര്‍മന്‍.
ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ രണ്ടാം തവണയെത്തുന്ന നോര്‍മന്‍ 12-ാം സീഡ് മാരത് സഫിനെയാണ് ക്വാര്‍ട്ടറില്‍ മറികടന്നത്. സ്കോര്‍: 6-4, 6-3, 4-6, 7-5. സെമിയില്‍ സീഡ് ചെയ്യപ്പെടാത്ത അര്‍ജന്റീന താരം ഫ്രാങ്കോ സ്ക്വില്ലാരിയെയാണ് നോര്‍മന്‍ നേരിടുക.
ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ ആദ്യ രണ്ടു സെറ്റുകള്‍ 6-4, 6-3 എന്ന സ്കോറുകള്‍ക്ക് നേടി നോര്‍മന്‍ മൂന്നാം സെറ്റില്‍ സഫിനില്‍ നിന്ന് കാര്യമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. എന്നാല്‍ മൂന്നാം സെറ്റ് സഫിന് അടിയറവെക്കേണ്ടിവന്ന നോര്‍മന്‍ ടൂര്‍ണമെന്റില്‍ ആദ്യമായി ഒരു സെറ്റ് വഴങ്ങേണ്ടി വന്നു.
നാലാം സെറ്റില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. ഇരു കളിക്കാരും സെര്‍വുകള്‍ വിട്ടുകൊടുക്കാന്‍ മടികാണിച്ചു. സ്കോര്‍ 6-5 വരെ ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തിപ്പോന്നു. എന്നാല്‍ അവസാന ഗെയിമില്‍ സെര്‍വ് ചെയ്ത സഫിന് മനസാന്നിധ്യം നഷ്ടപ്പെട്ടതോടെ നോര്‍മന്‍ മൂന്നു മാച്ച് പോയിന്റുകള്‍ സമ്മാനിച്ചു.