ദില്ലി: കോഴയിടപാടുകളില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനു പിന്നില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യ സംഗീത ബിജ്ലാനിയാണെന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അസ്ഹറിന്റെ കോഴയിടപാടുകള്‍ നിയന്ത്രിച്ചിരുന്നതും നോക്കി നടത്തിയിരുന്നതും സംഗീതയായിരുന്നുവെന്നാണ് കോഴ വിവാദത്തെപ്പറ്റി അന്വേഷിച്ച സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍.
അന്വേഷണ ഏജന്‍സിയുടെ കോഴ വിവാദ റിപ്പോര്‍ട്ട് നവംബര്‍ ഒന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ചപ്പോള്‍ നേരത്തേ ഇടപാടുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് കിംവദന്തികള്‍ പരന്ന ചില കളിക്കാരുടെ പേരുകള്‍ അതിലില്ല. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന കപില്‍ദേവ് ആണ് ഇവരില്‍ പ്രമുഖന്‍. വളര്‍ന്നു വരുന്ന താരവും ഓഫ്സ്പിന്നറുമായ നിഖില്‍ ചോപ്ര, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ നവ്ജ്യോത് സിംഹ് സിദ്ദു എന്നിവര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.
അസ്ഹര്‍ ഉള്‍പ്പെടെ ലോകത്തിലെ 14 പ്രമുഖ ക്രിക്കറ്റ് കളിക്കാരാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ കോഴയിടപാടുകാരായി സ്ഥാനം പിടിച്ചിരിക്കുന്നത്. വിവിധ കാലങ്ങളിലായി സി ബി ഐ നടത്തിയ ചോദ്യം ചെയ്യലില്‍ പന്തയക്കാരും കോഴ ഇടനിലക്കാരും വെളിപ്പെടുത്തിയ പേരുകളാണിത്.
അസ്ഹര്‍, ജ ഡേജ, നയന്‍ മോംഗിയ, മനോജ് പ്രഭാകര്‍, അജയ്ശര്‍മ്മ എന്നിവരാണ് ഇവരിലെ ഇന്ത്യന്‍ മുഖങ്ങള്‍. ഒപ്പം ടീമിന്റെ മുന്‍ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. അലി ഇറാനിയുമുണ്ട്.
ലോക പ്രശസ്തരും ക്രിക്കറ്റ് കളിയിലെ അതികായരുമാണ് കോഴ റിപ്പോര്‍ട്ടില്‍ ഇടപാടുകാരായി സ്ഥാനം പിടിച്ചിരിക്കുന്ന വിദേശ കളിക്കാര്‍. പാകിസ്ഥാന്‍കാരായ വസീം അക്രം, വഖാര്‍ യൂനിസ്, ഇന്‍സമാം ഉല്‍ ഹഖ്, സലീം മാലിക്, സയീദ് അന്‍വര്‍, ആസിഫ് ഇഖ്ബാല്‍, മുന്‍ ഇംഗ്ല്ലണ്ട് ക്യാപ്റ്റന്‍ അലക് സ്റ്റുവാര്‍ട്ട്, വെസ്റ്റിന്‍ഡീസ് സ്റ്റാര്‍ ബാറ്റ്സ്മാന്‍ ബ്രയാന്‍ ലാറ, ആസ്ത്രേലിയന്‍ താരങ്ങളായ ഡീന്‍ ജോണ്‍സ്, മാര്‍ക് വോ, ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ അര്‍ജുന രണതുംഗ, അരവിന്ദ് ഡിസില്‍വ , മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ, മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ എന്നിവരാണ് സി ബി ഐ കോഴക്കാരെന്നു പരാമര്‍ശിച്ചിട്ടുള്ള വിദേശ കളിക്കാര്‍.
കോഴക്കളിക്കാരായ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കെതിരേ സി ബി ഐ ശക്തമായ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. കുറ്റക്കാരായ ഇവര്‍ക്കെതിരേ എന്തു നടപടി കൈക്കൊള്ളണമെന്നതിനെപ്പറ്റി ബി സി സി ഐ പ്രസിഡന്റ് എസി മുത്തയ്യയുമായി താന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അസ്ഹറിനും ജഡേജയ്ക്കുമെതിരേ 1988 ലെ അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കാമെന്ന് സി ബി ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും കേന്ദ്ര വെയര്‍ഹൗസിങ്് കോര്‍പറേഷനിലെയും ഉദ്യോഗസ്ഥരായ ഇവരെ പൊതു ജനസേവകര്‍ എന്ന നിര്‍വചനത്തില്‍ പെടുത്തി ഇവര്‍ക്കെതിരേ കേസെടുക്കാം.
കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റും പന്തയക്കാരുമായി അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുവെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. അസ്ഹര്‍, ജഡേജ, പ്രഭാകര്‍ എന്നിവര്‍ ലോക പന്തയ റാക്കറ്റുമായി ബന്ധമുള്ളവരാണെന്നും കളിയെ ഒറ്റു കൊടുത്ത് ഇവര്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്.
തന്റെ മുന്‍ഗാമിയായ അസ്ഹറും പിന്‍ഗാമിയായ ജഡേജയും കോഴക്കളികളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് സംശയമുള്ളതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സി ബി ഐ യോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ കാണുന്നു. താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ അസ്ഹര്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ ഒരിക്കലും കളിച്ചിരുന്നില്ലെന്ന് സച്ചിന്‍ മൊഴി നല്‍കി. അതു പോലെ തന്നെ ജഡേജയെക്കുറിച്ചും തനിക്ക് സംശയമുണ്ടായിരുന്നതായി സച്ചിന്‍ പറഞ്ഞു.
162 പേജുള്ള സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കോഴക്കളിയെയും മറ്റ് രഹസ്യ ഇടപാടുകളെയും കുറിച്ച് ബി സി സിഐക്ക് വ്യക്തമായ അടയാളങ്ങള്‍ കിട്ടിയിരുന്നുവെങ്കിലും ബോര്‍ഡ് അതൊക്കെ കണ്ണടയ്ക്കുകയായിരുന്നുവെന്ന് സിബി ഐ കുറ്റപ്പെടുത്തി. ക്രിക്കറ്റ് ബോര്‍ഡിന്റെ മിക്ക ഭാരവാഹികള്‍ക്കും അതിലിരുന്ന് കണ്ണടയ്ക്കണമെന്ന വിചാരമേയുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ സംബന്ധിച്ച് അവര്‍ക്ക് ഒരു ആലോചനയുമില്ല്ല - സി ബി ഐ ചൂണ്ടിക്കാട്ടുന്നു.