ദില്ലി: വലതു കൈയിലെ ചെറുവിരലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ആസ്ത്രേലിയന്‍ ഓപ്പണര്‍ മാര്‍ക്ക് വോ ഇന്ത്യക്കെതിരെ ഇനിയുള്ള ഏകദിന മത്സരങ്ങളില്‍ പങ്കെടുക്കില്ല. രണ്ടാം ഏകദിനത്തില്‍ ആസ്ത്രേലിയയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് മാര്‍ക്ക് വോയുടെ സെഞ്ച്വറിയായിരുന്നു.
രണ്ടു കളികളിലും മാന്‍ ഓഫ് ദി മാച്ച് ബഹുമതികള്‍ നേടിയ കളിക്കാര്‍ക്ക് പരിക്ക് മൂലം തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാഞ്ഞത് യാദൃച്ഛികമാണ്. ആദ്യ ഏകദിനത്തില്‍ മികച്ച ബാറ്റിംഗിലൂടെയും ബൗളിംഗിലൂടെയും ഇന്ത്യയെ വിജയത്തിലെത്തിച്ച വീരേന്ദ്ര ഷെവാഗ് പരിക്ക് കാരണം തുടര്‍ന്നുള്ള കളികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
കഴിഞ്ഞ മത്സരത്തില്‍ ജവഗല്‍ ശ്രീനാഥിന്റെ ഒരു പന്ത് കൈയില്‍ കൊണ്ടാണ് മാര്‍ക്ക് വോയുടെ വിരല്‍ ഒടിഞ്ഞത്. മിക്കവാറും അദ്ദേഹം ആസ്ത്രേലിയയിലേക്ക് തിരിച്ചുപോയേക്കും.
അതിനിടെ ഇന്‍ഡോറില്‍ മാര്‍ച്ച് 31 ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ ചില കളിക്കാര്‍ക്ക് അവസരം നല്‍കിയേക്കും. മാത്യു ഹെയ്ഡനും ഗ്ലെന്‍ മക്ഗ്രാത്തിനും വിശ്രമം നല്‍കി ഷെയ്ന്‍ ലീയെയും ഇയാന്‍ ഹാര്‍വിയെയും കളിപ്പിച്ചേക്കും. രണ്ടാം മത്സരത്തില്‍ കളിക്കാന്‍ കഴിയാതിരുന്ന ഷെയ്ന്‍ വോണിനെയും റിക്കി പോണ്ടിംഗിനെയും മൂന്നാം മത്സരത്തിനുള്ള ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യന്‍ ടീമില്‍ യുവതാരം യുവ്രാജ് സിംഹ് സ്ഥാനം പിടിച്ചേക്കാനിടയുണ്ട്. ഫീല്‍ഡിംഗിലും ആക്രമണോത്സുക ബാറ്റിംഗിലും മികവു കാട്ടുന്ന യുവ്രാജ് ടീമിന് ഉണര്‍വ് പകരുമെന്ന് ടീം മാനേജ്മെന്റ് കരുതുന്നു.