കൊച്ചി: ബോഡി ബില്‍ഡിംഗിലെ മുന്‍ ലോകചാമ്പ്യനായ മനോഹര്‍ ഐക് കൊച്ചിയിലെത്തുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റേഡിയത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ലൈഫ് സ്റൈല്‍ ഫിറ്റ്നസ് മെഗാ ഹെല്‍ത്ത് ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മനോഹര്‍ ഐക് കൊച്ചിയിലെത്തുന്നത്.
സപ്തംബര്‍ 24-ന് ഞായറാഴ്ച വൈകുന്നേരം സ്റേഡിയത്തില്‍ 87-കാരനായ മനോഹര്‍ ഐക്കിന്റെ ശരീരസൗന്ദര്യപ്രദര്‍ശനം നടക്കും. ബോഡി ബില്‍ഡിംഗും സിനിമാറ്റിക് ഡാന്‍സും ഇടകലര്‍ന്ന ഡാന്‍സിംഗ് മസില്‍സ് എന്ന പ്രത്യേകപരിപാടിയും അന്നു നടക്കും. മിസ്റര്‍ സൗത്ത് ഏഷ്യ പ്രസാദ കുമാര്‍ ഉള്‍പ്പെടെയുള്ള ദേശീയ-അന്തര്‍ദ്ദേശീയ താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
എംഎല്‍എമാരായ കെ. ബാബു, ഡോ. സെബാസ്റ്യന്‍ പോള്‍, ഡൊമിനിക് പ്രസന്റേഷന്‍, ജിഡിസിഎ സെക്രട്ടറി പി. സത്യരാജന്‍, സംസ്ഥാന ബോഡിബില്‍ഡിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.എം. ഷംസുദ്ദീന്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
മൂവായിരത്തിലേറെ ചതുരശ്ര അടി സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ഹെല്‍ത്ത് ക്ലബ് സജ്ജീകരിച്ചിട്ടുള്ളത്. സ്റേഡിയത്തില്‍ കായികമേഖലയുമായി ബന്ധപ്പെട്ട ഏക സ്ഥിരം സംവിധാനം ഇതുമാത്രമാണ്.
ഏതു പ്രായത്തിലുള്ളവര്‍ക്കും അനുയോജ്യമായ വ്യായാമപരിശീലനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനോടൊപ്പം ഭാവി വാഗ്ദാനങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും ക്ലബിന് പദ്ധതിയുണ്ടെന്ന് സാങ്കേതിക ഉപദേഷ്ടാവും മുന്‍ മിസ്റര്‍ ഇന്ത്യയും സൗത്ത് ഏഷ്യയുമായ വി.എം. ബഷീര്‍ കൊച്ചിയില്‍ പറഞ്ഞു. കഴിവു തെളിയിക്കുന്നവര്‍ക്ക് സൗജന്യമായി വിദഗ്ധപരിശിലീനവും ഏര്‍പ്പെടുത്തും.
വനിതകള്‍ക്കും എക്സിക്യൂട്ടീവുകള്‍ക്കുമായി ആധുനിക ഉപകരണങ്ങള്‍ സജ്ജമാക്കിയ പ്രത്യേക വിഭാഗം, ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഹാര്‍ഡ്കോര്‍ ബോഡിബില്‍ഡിംഗ് സെന്റര്‍, ഇന്ത്യന്‍ രീതിയിലുള്ള ഓയില്‍ മസാജ് സെന്റര്‍, ആധുനിക സ്റീംബാത്ത്, ഇലക്ട്രോണിക് ട്രെഡ്മില്‍, എയ്റോബിക് സംവിധാനങ്ങള്‍, സാധാരണക്കാര്‍ക്കുവരെ താങ്ങാവുന്ന ഫീസ് നിരക്ക് എന്നിവയാണ് ക്ലബിന്റെ സവിശേഷകള്‍. സ്ത്രീകള്‍ക്കു മാത്രമായി സ്ത്രീകളുടെ തന്നെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ മൂന്നു വരെ പ്രത്യേക പരിശീലനവുമുണ്ട്.