സിഡ്നി: ഇന്ത്യന്‍ വനിതാ കായിക ചരിത്രത്തിലാദ്യമായി ഒരു ഒളിംപ്ക്സ് മെഡല്‍ -കര്‍ണം മല്ലേശ്വരിയെന്ന ഭാരോദ്വഹക താരത്തിന്റേത് അപൂര്‍വ നേട്ടം. മാത്രല്ല ഇന്ത്യയ്ക്കു വേണ്ടി വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ താരവുമാണവര്‍.
1952 ല്‍ ഹെല്‍സിങ്കി ഒളിംപ്ക്സില്‍ ഗുസ്തി മത്സരത്തില്‍ വെങ്കലം നേടിയ കെ.ഡി.ജാദവിനും 1996 ല്‍ അറ്റ്ലാന്റാ ഒളിംപ്ക്സില്‍ ടെന്നീസില്‍ വെങ്കലം നേടിയ ലിയാന്‍ഡര്‍ പെയ്സിനും ശേഷം ആദ്യമായി ഒരു ഇന്ത്യന്‍ കായികതാരം ഒളിംപ്ക്സില്‍ മെഡല്‍ നേടുകയാണ് മല്ലേശ്വരിയിലൂടെ.
69 കിലോഗ്രാം വിഭാഗത്തില്‍ സ്നാച്ച്, ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗങ്ങളിലായി 240 കിലോ ഭാരരമുയര്‍ത്തിയാണ് മല്ലേശ്വരി ലോക കായിക മാമാങ്കത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ഇതാദ്യമായാണ് മല്ലേശ്വരി 69 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്നത്. ഇതിനു മുമ്പ് അവര്‍ മത്സരിച്ചിരുന്നത് 60 കിലോഗ്രാം വിഭാഗത്തിലായിരുന്നു.
242.5 കിലോ ഉയര്‍ത്തിയ ചൈനീസ് താരം വെയ്നിങ്് ലിന്‍ ആണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്. ഹംഗേറിയന്‍ താരം എര്‍സബെത്ത് മാര്‍ക്കസ് വെള്ളി നേടി. അവരും 242.5 കിലോ ഉയര്‍ത്തിയെങ്കിലും ശരീരഭാരം കുറവായ ചൈനീസ് താരം ഒന്നാമതെത്തുകയായിരുന്നു.
സ്നാച്ചില്‍ 110 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 130 കിലോയുമാണ് മല്ലേശ്വരി ഉയര്‍ത്തിയത്. ലിന്‍ ഈയിനങ്ങളില്‍ 110, 132. 5 കിലോഗ്രാം വീതം ഉയര്‍ത്തി. എര്‍സബത്ത് ആകട്ടെ സ്നാച്ചില്‍ 112.5 കിലോഗ്രാമും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 130 കിലോയും ഉയര്‍ത്തി.
സ്നാച്ചില്‍ 105 കിലോഗ്രാം ഉയര്‍ത്തിക്കൊണ്ടാണ് മല്ലേശ്വരി ആരംഭിച്ചത്. രണ്ടാമത്തെ അവസരത്തില്‍ 107. 5 കിലോ ഭാരം ഉയര്‍ത്തിയ അവര്‍ മൂന്നാമത്തേതും അവസാനത്തേതുമായ അവസരത്തില്‍ 110 കിലോ ഉയര്‍ത്തി .
ഒന്നാംസ്ഥാനം നേടിയ ചൈനീസ്് താരം 107.5, 110, 110 എന്ന ക്രമത്തില്‍ മൂന്ന് അവസരങ്ങളും പൂര്‍ത്തിയാക്കി. വെള്ളി നേടിയ ഹംഗേറിയന്‍ താരത്തിനായിരുന്നു സ്നാച്ച് വിഭാഗത്തില്‍ ഒന്നാംസ്ഥാനം . ആദ്യ അവസരത്തില്‍ തന്നെ 105 കിലോ ഉയര്‍ത്തിയ അവര്‍ രണ്ടാം അവസരത്തില്‍ 110 കിലോയും മൂന്നാമത് 112.5 കിലോയും ഉയര്‍ത്തി.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മല്ലേശ്വരി ആദ്യ അവസരത്തില്‍ 125 കിലോയും രണ്ടാമത്തെ അവസരത്തില്‍ 130 കിലോയും ഉയര്‍ത്തി. മൂന്നാമത്തെ അവസരത്തില്‍ 137. 5 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഹംഗേറിയന്‍ താരം ആദ്യം 125 കിലോയും രണ്ടാം അവസരത്തില്‍ 130 കിലോയും ഉയര്‍ത്തി. എന്നാല്‍ മൂന്നാമത്തെ അവസരത്തില്‍ 137. 5 കിലോ ഉയര്‍ത്താനുള്ള അവരുടെ ശ്രമവും വിഫലമായി.
ചൈനീസ് താരമാകട്ടെ ആദ്യ അവസരത്തില്‍ തന്നെ 132.5 കിലോ ഉയര്‍ത്തി. പക്ഷേ പിന്നീടുള്ള രണ്ട് അവസരങ്ങളിലും കൂടൂതല്‍ ഭാരം ഉയര്‍ത്താനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഒടുവില്‍ കര്‍ണ്ണം മല്ലേശ്വരി 240 എന്ന സ്കോറിലും ചൈനീസ് താരം ഹംഗേറിയന്‍ താരം 242. 5 കിലോ എന്ന നിലയിലും ഫിനിഷ് ചെയ്തു. ശരീരഭാരം കുറവായ വെയ്നിങ് ലിന്‍ സ്വര്‍ണ്ണവും എര്‍സബത്ത് മാര്‍കസ് വെള്ളിയും കരസ്ഥമാക്കി.