കൊച്ചി: ആന്ധ്രാപ്രദേശിന് പുറമെ ഹരിയാനയിലും ഭാരദ്വോഹന പരിശീലന അക്കാദമി സ്ഥാപിക്കുമെന്ന് സിഡ്നി ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി.
ഭാരദ്വോഹനത്തില്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് തനിക്ക് ചെയ്യാവുന്ന ചെറിയ സമര്‍പ്പമാണിതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് അക്കാദമികള്‍. കൊച്ചിയില്‍ സ്വീകരചടങ്ങില്‍ പങ്കെടുത്ത ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മല്ലേശ്വരി. ഹൈദരാബാദില്‍ അക്കാദമിക്ക് സ്ഥലം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹരിയാനയിലെ അക്കാദമിയെ കുറിച്ചും ഏകദേശ രൂപമായി കഴിഞ്ഞു. അടുത്ത ദിവസം നടക്കുന്ന സന്ദര്‍ശനത്തില്‍ അക്കാദമി എവിടെ സ്ഥാപിക്കുമെന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.
ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷനോട് അക്കാദമിക്കായി സഹായം ആവശ്യപ്പെട്ടിട്ടില്ല. ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്നും തന്നെ തടുക്കാന്‍ നോക്കുകയും സഹായം നല്‍കാതിരിക്കുകയും ചെയ്ത അസോസിയേഷനില്‍ നിന്നും എന്ത് പ്രതീക്ഷിക്കാനാണെന്ന് മല്ലേശ്വരി ചോദിച്ചു.
കേരളത്തിലേക്ക് ഇത് തന്റെ രണ്ടാമത്തെ സന്ദര്‍ശനമാണെന്ന് മല്ലേശ്വരി പറഞ്ഞു. ഇതിനു മുമ്പ് 1996ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയിരുന്നു.
അടുത്ത ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടാനാകുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകള്‍ക്കു വേണ്ടി പരിശീലനം ആരംഭിക്കും. ആഫ്രോ-ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പുമാണ് അടുത്ത് വരുന്ന പ്രധാന മത്സരങ്ങള്‍. മല്ലേശ്വരി പറഞ്ഞു.
രാജ്യാന്തര നിലവാരത്തിലുള്ള അത്ലറ്റിക്സ് പരിശീലനങ്ങള്‍ ഇന്ത്യയിലില്ലെന്ന് മല്ലേശ്വരിക്കൊപ്പമുണ്ടായിരുന്ന ഒളിമ്പിക്സ് സെമിഫൈനലിസ്റ് കെ.എം.ബീനമോള്‍ പറഞ്ഞു. പരിശീലനം നടത്തുന്നതിന് സിന്തറ്റിക് ട്രാക്ക് പോലും കേരളത്തിലില്ല. നാല് വര്‍ഷമെങ്കിലും മെച്ചപ്പെട്ട പരിശീലനം ലഭിച്ചാല്‍ മാത്രമേ ഒളിമ്പിക്സില്‍ വിദേശതാരങ്ങള്‍ക്ക് ഒപ്പമെത്താനാവൂ. വിദേശതാരങ്ങളെ പങ്കെടുപ്പിച്ച് ഇവിടെ നടത്തുന്ന പെര്‍മിറ്റ് മീറ്റില്‍ നിലവാരമുള്ള താരങ്ങള്‍ എത്തുന്നില്ലെന്നും ബീനമോള്‍ ചൂണ്ടിക്കാട്ടി.