കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗ് മത്സരത്തില്‍ ജനവരി 27 ശനിയാഴ്ച നടന്ന മത്സരത്തില്‍ എഫ്സി കൊച്ചിന്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു.
കളി തീരാന്‍ ഒരു മിനുട്ട് മാത്രം ബാക്കിനില്‍ക്കെ ടി.എസ്.അനോജ് നേടിയ ഗോളിനാണ് എഫ്സി കൊച്ചിന്‍ ജയിച്ചത്.
ആദ്യപകുതിയില്‍ 43-ാം മിനുട്ടില്‍ ജോപോള്‍ അഞ്ചേരി എഫ്സി കൊച്ചിനെ മുന്നിലെത്തിച്ചു. ജോപോള്‍ അഞ്ചേരി ഒരു പെനാല്‍റ്റിയിലൂടെയാണ് എഫ്സിക്ക് ലീഡ് നേടികൊടുത്തത്.
രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോള്‍ തിരിച്ചടിച്ചു. കളിയുടെ 53-ാം മിനുറ്റില്‍ ഫ്രാന്‍സിസ് സില്‍വേരിയയാണ് ചര്‍ച്ചിലിന്റെ ഗോള്‍ നേടിയത്.
കളി സമനിലയില്‍ കലാശിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് അനോജ് നിര്‍ണായകഗോള്‍ നേടിയത്. അതോടെ ചര്‍ച്ചിലിന്റെ പ്രതീക്ഷകള്‍ തകരുകയും ചെയ്തു.
ഈ ജയത്തോടെ മൂന്നു പോയിന്റു കൂടി നേടി ഗ്രൂപ്പില്‍ എഫ്സി ഒന്നാമതായി. മൂന്ന് കളികളില്‍ നിന്ന് എഫ്സിക്ക് ഇപ്പോള്‍ ഏഴ് പോയന്റാണുള്ളത്. രണ്ടു ജയവും ഒരു സമനിലയുമായിരുന്നു.