മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് മധ്യനിര ബാറ്റ്സ്മാന്‍ വി.വി.എസ്. ലക്ഷ്മണ്‍ പിന്മാറി. പരിക്കില്‍ നിന്ന് മോചിതനാകാത്തതാണ് കാരണം. ലക്ഷ്മണിനു പകരം തമിഴ്നാടിന്റെ ഹേമാംഗ് ബദാനി ടീമിലെത്തും.
സപ്തംബര്‍ 17 തിങ്കളാഴ്ച രാവിലെ ലക്ഷ്മണ്‍ കോച്ച് ജോണ്‍ റൈറ്റിനെ വിളിച്ച് താന്‍ പൂര്‍ണസുഖം പ്രാപിച്ചിട്ടില്ലെന്ന് അറിയിച്ചതായി ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ബദാനിയെ ടീമിലെടുത്തതെന്ന് ലെലെ അറിയിച്ചു.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ ടീമുകളടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കാണ് ഇപ്പോള്‍ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ് മത്സരങ്ങള്‍ തുടങ്ങുമ്പോഴേക്ക് ലക്ഷ്മണ്‍ സുഖം പ്രാപിക്കുകയാണെങ്കില്‍ ടീമിലുണ്ടായേക്കും. പരിക്ക് മൂലം കഴിഞ്ഞ മാസം അവസാനിച്ച ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും ലക്ഷ്മണ്‍ വിട്ടു നിന്നിരുന്നു.
പരിക്ക് കാരണം വിഷമിക്കുകയായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ആശിഷ് നെഹ്റ എന്നിവര്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ലെലെ അറിയിച്ചു.