ദില്ലി: കൊച്ചിയില്‍ നടത്താനുദ്ദേശിച്ചിരുന്ന ആസ്ത്രേലിയ-ബോര്‍ഡ് പ്രസിഡണ്ട്സ് ഇലവന്‍ മത്സരം ബിസിസിഐ റദ്ദാക്കിയേക്കും. ഏപ്രിലില്‍ ഷാര്‍ജയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിന് സമയം ലഭിക്കാനാണിത്.
എന്നാല്‍ ബിസിസഐ ഭാരവാഹികള്‍ മറ്റു വിശദീകരണങ്ങളാണ് നിരത്തുന്നത്. ആസ്ത്രേലിയയും ബോര്‍ഡ് പ്രസിഡണ്ട് ഇലവനും തമ്മിലുള്ള മത്സരം കൊച്ചിയില്‍ നടക്കില്ല. അടുത്തിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിനമത്സരത്തിന് കൊച്ചി വേദിയായതിനാലാണിത്- ബിസിസിഐയിലെ കേരള പ്രതിനിധി എസ്.കെ. നായര്‍ ഗള്‍ഫ് ന്യൂസ് പത്രത്തിനോടു പറഞ്ഞു.
വേദികള്‍ നിശ്ചയിക്കുന്ന ബിസിസിഐ ചട്ടമനുസരിച്ച് ഈ മത്സരം ദക്ഷിണേന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനാണ് കിട്ടേണ്ടതെന്ന് നായര്‍ വ്യക്തമാക്കി. നവംബറില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ഏതെങ്കിലും പ്രധാനമത്സരം കൊച്ചിക്ക് ലഭിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ കപ്പില്‍ പങ്കെടുക്കാന്‍ ആസ്ത്രേലിയന്‍ പര്യടനത്തിലെ ഒരു ത്രിദിനമത്സരം വെട്ടിക്കുറക്കണമെന്ന് ബിസിസിഐ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് (എസിബി) അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എസിബി ഈ ആവശ്യം നിരാകരിക്കുകയും പകരം രണ്ടു ഏകദിനങ്ങള്‍ വെട്ടിക്കുറക്കാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് ഷാര്‍ജ കപ്പ് മാറ്റിവെക്കാന്‍ ഇന്ത്യ സംഘാടകരോട് ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം ഷാര്‍ജ കപ്പ് നാലു ദിവസത്തേക്ക് മാറ്റിവെച്ച് ഉത്തരവായിട്ടുണ്ട്. ഏപ്രില്‍ നാലിനു തുടങ്ങേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഇനി എട്ടിനാണ് തുടങ്ങുക.
ത്രിദിന മത്സരം വെട്ടിക്കുറക്കുന്നതില്‍ ആസ്ത്രേലിയ എതിര്‍പ്പു പ്രകടിപ്പിക്കുകയും ഷാര്‍ജ കപ്പ് മാറ്റിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ ചിലപ്പോള്‍ കൊച്ചിക്ക് മത്സരം തിരികെ കിട്ടിയേക്കും.