Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊഴിയെടുപ്പ്: കിംഗ് കമ്മീഷന് അസംതൃപ്തി

കേപ് ടൗണ്‍: ക്രിക്കറ്റ് കോഴവിവാദത്തില്‍ താന്‍ മൊഴിയെടുപ്പ് നടത്തിയവരില്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെടെയുള്ള പലരുടെ മൊഴികളിലും കിംഗ് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. ആഗസ്ത് 25-ന് വെള്ളിയാഴ്ച സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ അസംസ്തൃപ്തി പ്രകടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ക്യാപ്റ്റനായിരുന്ന ഹാന്‍സി ക്രോണ്യെ വാതുവെപ്പുകാരുമായി ബന്ധപ്പെട്ടു എന്ന് ദില്ലി പോലീസ് കണ്ടെത്തിയതോടെയാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട വിവാദത്തിന് തുടക്കമായത്. ഇതിനു തെളിവായി ദില്ലി പോലീസ് ഹാന്‍സി ക്രോണ്യെയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത കാസറ്റും വെളിവാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ ക്രോണ്യെ ആരോപണം നിഷേധിച്ചുവെങ്കിലും പിന്നീട് എല്ലാ കുറ്റങ്ങളും സമ്മതിച്ചു. മത്സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതിന് ഏതാണ്ട് 45 ലക്ഷത്തോളം രൂപ വാങ്ങിയെന്നും ക്രോണ്യെ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു. 96-ല്‍ കളി തോറ്റുകൊടുക്കാന്‍ പണം വാഗ്ദാനം ചെയ്ത കാര്യം ക്രോണ്യെ തങ്ങളോട് പറഞ്ഞിരുന്നതായി മറ്റു ചില കളിക്കാരും കമ്മീഷനെ അറിയിച്ചിരുന്നു. ഇവരില്‍ ഹെര്‍ഷലെ ഗിബ്സും ഹെന്‍റി വില്യംസും ഉള്‍പ്പെടുന്നു.

എന്നാല്‍ തങ്ങള്‍ കളി തോറ്റുകൊടുക്കാന്‍ വേണ്ടി പണം വാങ്ങിയിട്ടില്ലെന്നും ക്രോണ്യെ ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷനെ അറിയിച്ചു. ഇത്തരം വിരുദ്ധ മൊഴികളിലാണ് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

മത്സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ സഞ്ജയ് (ചാവ്ല) സംതൃപ്തനാകുമെന്ന് കരുതാന്‍ ന്യായമില്ല. ഇടപാടില്‍ മറ്റു കളിക്കാരെക്കൂടി ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ അയാള്‍ക്ക് കളി തോറ്റു കൊടുക്കുക തന്നെയായിരുന്നു ആവശ്യം. താനാഗ്രഹിക്കുന്ന ഫലം ലഭിച്ചാല്‍ ക്രോണ്യെക്ക് കൂടുതല്‍ പണം നല്‍കാമെന്ന് സഞ്ജയ് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്, തന്റെ സംശയങ്ങളുടെ അടിസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ജഡ്ജി എഡ്വിന്‍ കിംഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊഴികളില്‍ കമ്മീഷന്‍ അസംതൃപ്തി പ്രകടിപ്പിച്ചതോടെ ക്രോണ്യെക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. കമ്മീഷനോട് സത്യം മുഴുവന്‍ വെളിപ്പെടുത്തിയാല്‍ പൊതുമാപ്പ് നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാമെന്ന് നേരത്തെ കമ്മീഷന്‍ ക്രോണ്യെയെ അറിയിച്ചിരുന്നു.

എന്നാല്‍ ക്രോണ്യെക്കെതിരെ എന്തെങ്കിലും നടപടികളെടുക്കണമോ എന്ന കാര്യമൊന്നും കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടില്ല. അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ ഇക്കാര്യം ഉണ്ടാകുകയുള്ളൂവെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ജൂണ്‍ മാസത്തില്‍ കമ്മീഷന്‍ നടത്തിയ മൊഴിയെടുപ്പുകളുടെ വിവരമാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ ഭൂരിഭാഗവും. ഒക്ടോബര്‍ രണ്ടാം തീയതി വീണ്ടും മൊഴിയെടുപ്പ് നടത്തുന്നുണ്ട്. ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളും വെച്ച് മാത്രമേ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിടയുള്ളൂ.

Story first published: Friday, August 25, 2000, 3:35 [IST]
Other articles published on Aug 25, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+