ജോഹന്നാസ്ബര്‍ഗ്(ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറുമായ ജോണ്ടി റോഡ്സ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.
ടീമിലെ സഹകളിക്കാരനും മികച്ച ബാറ്റ്സ്മാനുമായ ഡാരില്‍ കള്ളിനന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനും തീരുമാനിച്ചു.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് പ്രസിഡന്റ് അലി ബാച്ചറാണ് നവംബര്‍ എട്ട് ബുധനാഴ്ച ഇരുവരുടെയും വിരമിക്കല്‍ തീരുമാനം വെളിപ്പെടുത്തിയത്.
കുടുംബങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവിടുന്നതിനാണ് റോഡ്സും കള്ളിനനും ക്രിക്കറ്റ് കളിയിലെ തിരക്കൊഴിവാക്കുന്നത്. കഴിഞ്ഞ ആഴ്ച ഇക്കാര്യത്തെപ്പറ്റി ഇരുവരും താനുമായി ചര്‍ച്ച നടത്തിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് അലി ബാച്ചര്‍ അറിയിച്ചു.
തിരക്കുപിടിച്ച ക്രിക്കറ്റ് ജീവിതവും കുടുംബജീവിതവും തമ്മില്‍ പൊരുത്തപ്പെട്ടു പോകാത്തതാണ് തങ്ങളെ ക്രിക്കറ്റ് കളി കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് 31 കാരനായ റോഡ്സും 34 കാരനായ കള്ളിനനും പറഞ്ഞു.
കളിയോട് എനിക്ക് അതിയായ താത്പര്യമാണ്. എന്നാല്‍ അതിലും സ്നേഹമാണ് എന്റെ കുടുംബത്തോട് - റോഡ്സ് മനസു തുറക്കുന്നു. രണ്ടും തമ്മില്‍ വേര്‍തിരിക്കാന്‍ എനിക്ക് പ്രയാസമാണ്. എന്നാല്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്-റോഡ്സ് പറഞ്ഞു.
2003 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെപ്പോലെ ടെസ്റ്റും ഏകദിനവും കളിച്ചുപോയാല്‍ 2003 ല്‍ കളിക്കാനുള്ള ശാരീരികക്ഷമത നിലനിര്‍ത്താനാവുമോയെന്ന് സംശയമുണ്ടെന്നും റോഡ്സ് പറഞ്ഞു.
1992 ല്‍ ഇന്ത്യയ്ക്കെതിരേയായിരുന്നു ജോണ്ടി റോഡ്സിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതു വരെ 52 ടെസ്റ്റുകളില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട് .