ലാഹോര്‍: പാകിസ്ഥാന്റെ ബാറ്റിംഗ് ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖ് മുന്നൂറിലേറെ റണ്‍സ് നേടി റിക്കാര്‍ഡിനുടമയായി. ന്യൂസിലാന്റിനെതിരായ ആദ്യ ടെസ്റിലായിരുന്നു ഇന്‍സമാമിന്റെ ഈ തകര്‍പ്പന്‍ പ്രകടനം.
പക്ഷെ അദ്ദേഹത്തിന് 45 വര്‍ഷം മുമ്പ് പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഹനിഫ് മുഹമ്മദ് സൃഷ്ടിച്ച റിക്കാര്‍ഡ് മറികടക്കാനായില്ല. 329 റണ്‍സ് നേടി നില്ക്കെ ലെഗ്സ്പിന്നര്‍ ബ്രൂക്ക് വോക്കറുടെ പന്തില്‍ പറുത്താവുകയായിരുന്നു. 1957ല്‍ വെസ്റിന്‍ഡീസിനെതിരെ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഹനിഫ് മുഹമ്മദ് നേടിയ 337 റണ്‍സാണ് ടെസ്റ് ചരിത്രത്തിലെ പാക് റിക്കാര്‍ഡ്.
ലോകത്ത് ടെസ്റ് ചരിത്രത്തില്‍ ത്രിബിള്‍ സെഞ്ച്വറി നേടുന്ന 16ാമത്തെ ബാറ്റ്സ്മാനാണ് ഇന്‍സമാം. പാകിസ്ഥാന്റെ ടെസ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ത്രിബിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് ഇന്‍സമാം. വെറും 423 പന്തുകള്‍ നേരിട്ടാണ് ഇന്‍സമാം ത്രിബിള്‍ സെഞ്ച്വറി നേടിയത്. പത്ത് മണിക്കൂര്‍ നേരം ബാറ്റ് ചെയ്ത അദ്ദേഹം 36 ഫോറുകളും ആറ് സിക്സറുകളും ഉള്‍പ്പെടെയാണ് 329 റണ്‍സ് നേടിയത്.