Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് 7 വിക്കറ്റ് ജയം

കൊളംബോ: അവസാനം ത്രിരാഷ്ട്ര കൊക്കക്കോള കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഒരു ജയം. ജൂലായ് 28 ശനിയാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. സിംബാബ്വെയിലെ ഫൈനലിലുള്‍പ്പെടെ തുടര്‍ച്ചയായ നാലു തോല്വികള്‍ക്കു ശേഷമാണ് ഇന്ത്യ വീണ്ടും വിജയത്തിന്റെ താളം കണ്ടെത്തിയിരിക്കുന്നത്.

ജയിക്കാന്‍ 184 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 45.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 87 റണ്‍സോടെ പുറത്താകാതെ നിന്ന വി.വി.എസ്. ലക്ഷ്മണാണ് മാന്‍ ഓഫ് ദി മാച്ച്. 11 റണ്‍സോടെ ഹേമാംഗ് ബദാനിയും പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ അഭാവത്തിലാണ് ഇന്ത്യന്‍ യുവനിര ഈ വിജയം നേടിയതെന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ മത്സരത്തില്‍ക്കൂടി തോല്‍ക്കുകയാണെങ്കില്‍ അടുത്ത രണ്ട് മത്സരങ്ങള്‍ കളിക്കാതെ തന്നെ ഇന്ത്യ പുറത്താകുമായിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍പ്പോലും ഇന്ത്യ ഫൈനലില്‍ കടക്കണമെങ്കില്‍ ക്രിക്കറ്റിലെ കണക്കിന്റെ കളി വേണമെന്നത് വേറെ കാര്യം.

താരതമ്യേന എളുപ്പമായ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍ അമോയ് ഖുറൈശ്യ വാസിന്റെ പന്തില്‍ കുറ്റിതെറിച്ച് റണ്ണൊന്നുമെടുക്കാതെ പുറത്തായി. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അഭാവത്തില്‍ ഒരു ഓപ്പണറെത്തേടുന്ന ഇന്ത്യ ഇനിയും ഏറെ പോകേണ്ടിയിരിക്കുന്നു എന്നതാണ് ഖുറൈശ്യയുടെ പ്രകടനം നല്കുന്ന പാഠം.

തുടര്‍ന്ന് എത്തിയ വിവിഎസ് ലക്ഷ്മണ്‍ ഓപ്പണര്‍ വീരേന്ദര്‍ ഷെവാഗുമായി ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ തുടങ്ങി. ലക്ഷ്മണ്‍ പ്രതിരോധത്തില്‍ ശ്രദ്ധിച്ചപ്പോള്‍ ഷെവാഗ് കൂടുതല്‍ ആക്രമണം നടത്താന്‍ തുടങ്ങി. എന്നാല്‍ ധര്‍മ്മസേനയെ ബൗണ്ടറിക്ക് പുറത്തേക്ക് പായിക്കാനുള്ള ഷെവാഗിന്റെ ശ്രമം പക്ഷെ സംഘക്കാരയുടെ കൈകളില്‍ അവസാനിച്ചു. 27 റണ്‍സായിരുന്നു ഷെവാഗിന്റെ സംഭാവന.

ഷെവാഗിനെത്തുടര്‍ന്ന് എത്തിയത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ്. പതുക്കെ തുടങ്ങിയ ദ്രാവിഡ് കളി പുരോഗമിക്കെ താളം കണ്ടെത്തി. മറുഭാഗത്ത് ലക്ഷ്മണ്‍ ഫോറുകളിലൂടെ റണ്‍സ് ഉയര്‍ത്തുകയും കൂടി ചെയ്തതോടെ ശ്രീലങ്കന്‍ ബൗളര്‍മാരുടെ താളം പിഴച്ചു. 157ല്‍ വച്ച് 43 റണ്‍സെടുത്ത ദ്രാവിഡ് പുറത്തായി. ചാമിന്ദ വാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രമേഷ് കലുവിതരണക്ക് ക്യാച്ച്. ഈ കൂട്ടുകെട്ട് എടുത്ത 90 റണ്‍സ് ഇന്ത്യ ശ്രീലങ്കയില്‍ പടുത്തുയര്‍ത്തിയതില്‍ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.

ദ്രാവിഡ് പുറത്താകുമ്പോഴേക്കും ഇന്ത്യ വിജയപാതയിലെത്തിയിരുന്നു. എങ്കിലും മുന്‍ മത്സരങ്ങളില്‍ ജയിക്കാമായിരുന്ന അവസ്ഥയിലിരുന്നപ്പോഴും തോറ്റ ചരിത്രമുള്ള ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം എങ്ങനെയിരിക്കുമെന്നത് ആശങ്ക ഉണര്‍ത്തി. എന്നാല്‍ ഹേമാംഗ് ബദാനി പ്രതീക്ഷ കാത്തു സൂക്ഷിച്ചു. ലക്ഷ്മണോടൊപ്പം പക്വതയോടെ ബാറ്റ് ചെയ്ത ബദാനി വിജയം വരെ വിക്കറ്റ് കാത്തു സൂക്ഷിച്ചു.

ശ്രീലങ്കന്‍ ബൗളിംഗ് നിരയില്‍ ചാമിന്ദ വാസ് രണ്ട് വിക്കറ്റെടുത്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മുത്തയ്യ മുരളീധരന്‍ 10 ഓവറില്‍ 28 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.

ആഗസ്ത് ഒന്ന് ബുധനാഴ്ച ശ്രീലങ്കക്കെതിരെ തന്നെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Wednesday, December 7, 2011, 13:51 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+