Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രിരാഷ്ട്രകപ്പ്: ഇന്ത്യ ഫൈനലില്‍

കൊളംബോ: അവസാനം ഇന്ത്യ അത് നേടി. തുടര്‍ച്ചയായി മൂന്നു കളികള്‍ ജയിച്ചുകൊണ്ട് ഇന്ത്യ കൊക്കക്കോള ത്രിരാഷ്ട്രകപ്പ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. ആഗസ്ത് രണ്ട് വ്യാഴാഴ്ച കൊളംബോയില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാണ്ടിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആഗസ്ത് അഞ്ച് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ജയിക്കാന്‍ 265 വേണ്ടിയിരുന്ന ഇന്ത്യക്കു വേണ്ടി തുടക്കത്തില്‍ത്തന്നെ മേധാവിത്തം നേടിത്തന്നത് വീരേന്ദ്ര ഷെവാഗിന്റെ മിന്നല്‍പ്രകടനമാണ്. ന്യൂസിലാണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഷെവാഗ് വെറും 70 പന്തില്‍ മിന്നുന്ന വേഗത്തിലാണ് തന്റെ ആദ്യസെഞ്ച്വറിയിലെത്തിയത്. 19 ഫോറുകളും ഒരു സിക്സറുമടങ്ങിയതാണ് ഷെവാഗിന്റെ സെഞ്ച്വറി. സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ഓര്‍മ്മിപ്പിക്കുന്ന ആകാരവും ഷോട്ടുകളും സ്വന്തമായുള്ള ഷെവാഗ് അക്ഷരാര്‍ത്ഥത്തില്‍ സച്ചിന്റെ വിടവ് നികത്തുകയായിരുന്നു. എന്നാല്‍ സെഞ്ച്വറി നേടിയ ഉടന്‍ തന്നെ മക്മില്ലന്റെ പന്തില്‍ ബൗള്‍ഡായത് ഷെവാഗ് അര്‍ഹിച്ച കൂടുതല്‍ റണ്ണുകള്‍ നഷ്ടപ്പെടുത്തി.

ഷെവാഗ് ഒരറ്റത്ത് അടിച്ചു തകര്‍ക്കുമ്പോള്‍ മറ്റേയറ്റത്ത് വിക്കറ്റ് പോകാതെ സൂക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും മികച്ച പ്രകടനം കാഴ്ചവച്ചു. ടൂര്‍ണമെന്റില്‍ പര്യടനത്തില്‍ ഒരു കളിയിലൊഴികെ ഫോം കണ്ടെത്താന്‍ സാധിക്കാത്ത ഗാംഗുലി 103 പന്തില്‍ 64 റണ്‍സെടുത്താണ് പുറത്തായത്. ക്രിസ് ഹാരിസിന്റെ പന്തില്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗാണ് ഗാംഗുലിയെ പിടിച്ചു പുറത്താക്കിയത്.

ഷെവാഗ് പുറത്തായതിനെത്തുടര്‍ന്ന് എത്തിയ വിവിഎസ് ലക്ഷ്മണ്‍ പൂജ്യനായി മടങ്ങി. കുറച്ചു സമയത്തിന് ശേഷം ഗാംഗുലിയും പുറത്തായതോടെ ഇന്ത്യ മൂന്നിന് 179 എന്ന നിലയില്‍ മറ്റൊരു തകര്‍ച്ചയെ വിളിച്ചുവരുത്തുകയാണോ എന്നു തോന്നിച്ചു.

എന്നാല്‍ വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ഹേമാംഗ് ബദാനിയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ടൂര്‍ണമെന്റില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ബദാനി 38 പന്തില്‍ രണ്ട് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 35 റണ്‍സെടുത്ത് ടീമിലെ തന്റെ സ്ഥാനം ന്യായീകരിച്ചു.

രാഹുല്‍ ദ്രാവിഡിനെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റിലെ മികച്ച ഫോമിന്റെ തുടര്‍ച്ച മാത്രമായിരുന്നു. ഇന്ത്യ വിജയത്തിലെത്തുമ്പോള്‍ 56 പന്തില്‍ 57 റണ്‍സുമായി അദ്ദേഹം പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ന്യൂസിലാണ്ട് ബൗളര്‍മാരില്‍ ക്രെയ്ഗ് മക്മില്ലന്‍ മാത്രമാണ് അല്പമെങ്കിലും തിളങ്ങിയത്. ഷെവാഗിന്റെയും ലക്ഷ്മണിന്റെയും വിക്കറ്റുകള്‍ മക്മില്ലന്‍ വീഴ്ത്തി. ഹാരിസിന് ഒരു വിക്കറ്റ് കിട്ടി.

Story first published: Wednesday, December 7, 2011, 13:50 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+