Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് ജയിക്കാന്‍ 291 റണ്‍സ്

ഹരാരെ: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ചാമ്പ്യനാവാന്‍ വെസ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 291 റണ്‍സ് വേണം. ജൂലായ് ഏഴ് ശനിയാഴ്ച ഹരാരെയില്‍ നടക്കുന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി.

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ടോസ് നേടിയ വെസ്റിന്‍ഡീസിനെ ബാറ്റിംഗിനയക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ഓപ്പണര്‍മാരായ ക്രിസ് ഗെയിലും ഡാരന്‍ ഗാംഗയും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതീക്ഷകളെ തകിടം മറിച്ചു. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്രമണബാറ്റിംഗ് കാഴ്ചവച്ച ഗെയിലും ഗാംഗയും ഓപ്പണിംഗ് ബൗളര്‍മാരായ ദേബാശിഷ് മൊഹന്തിയെയും ആശിഷ് നെഹ്റയെയും കണക്കറ്റ് പ്രഹരിച്ചു. തുടര്‍ന്നു വന്ന സഹീര്‍ഖാനും അടികൊണ്ടു.

10ാം ഓവറില്‍ത്തന്നെ ബൗളിംഗിനെത്തിയ ഹര്‍ഭജന്‍സിംഹ് ഒരിക്കല്‍ക്കൂടി ഇന്ത്യയ്ക്കുവേണ്ടി ബ്രേക്ക് നേടിത്തന്നു. ആക്രമണോത്സുകത കാട്ടിയ ക്രിസ് ഗെയിലിനെ (43) സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഹര്‍വീന്ദര്‍ സിംഹിന്റെ കൈകളിലേക്കാണ് ഹര്‍ഭജന്‍ എത്തിച്ചത്. എന്നാല്‍ ഗാംഗ വീണ്ടും ആക്രമണം തുടര്‍ന്നു. 62 പന്തില്‍നിന്ന് 71 റണ്‍സെടുത്ത ഗാംഗയെ റിതീന്ദര്‍ സിംഹ് സോധി ലക്ഷ്മണിന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആശ്വാസം നല്‍കി. നാല് ഓവറുകള്‍ക്കു ശേഷം 10 റണ്‍സെടുത്ത വേവല്‍ ഹിന്‍ഡ്സിനെ സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കിക്കൊണ്ട് സോധി വീണ്ടും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍ നാലാം വിക്കറ്റിന് ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ കാള്‍ ഹൂപ്പറും ശിവ്നാരായണ്‍ ചന്ദര്‍പോളും വെസ്റിന്‍ഡീസിനെ വീണ്ടും ഡ്രൈവര്‍ സീറ്റിലെത്തിച്ചു. 108 റണ്‍സെടുത്ത ഈ കൂട്ടുകെട്ടില്‍ നിന്ന് ചന്ദര്‍പോളാണ് ആദ്യം പുറത്തായത്. 50 റണ്‍സെടുത്ത ചന്ദര്‍പോളിനെ നെഹ്റ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടോവറുകള്‍ക്ക് ശേഷം ഹൂപ്പറെ ഹര്‍ഭജന്റെ കൈകളിലെത്തിച്ച് സഹീര്‍ഖാനും തിരിച്ചുവന്നു. 63 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് ഹൂപ്പര്‍ പുറത്തായത്.

എന്നാല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിഡ്ലി ജേക്കബ്സും (20 പന്തില്‍ നിന്ന് പുറത്താകാതെ 26) റാമാറഷ് ശര്‍വണും (10 പന്തില്‍ നിന്ന് 16) വിന്‍ഡീസിനാവശ്യമായ കുതിപ്പ് നല്‍കി.

ഏഴ് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത സോധിയും 10 ഓവറില്‍ വെറും 35 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഹും ആണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ശോഭിച്ചത്. 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്ത് നെഹ്റയും രണ്ടു വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാന്‍ 10 ഓവറില്‍ 63 റണ്‍സിന് ഒരു വിക്കറ്റ് നേടി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി തല്ലുകൊള്ളാനായിരുന്നു ദേബാശിഷ് മൊഹന്തിയുടെ വിധി. അഞ്ച് ഓവറില്‍ 43 റണ്‍സാണ് മൊഹന്തി വഴങ്ങിയത്.

Story first published: Wednesday, January 11, 2012, 16:52 [IST]
Other articles published on Jan 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+