ധാക്ക: നീണ്ട ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിദേശ മണ്ണില്‍ ഇന്ത്യയ്ക്ക് ഒരു ടെസ്റ് പരമ്പര. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ് ഒമ്പത് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ ഈ ഇടവേളയ്ക്ക് വിരാമമിട്ടത്.
സ്കോര്‍: ബംഗ്ലാദേശ് 400, 91. ഇന്ത്യ: 429, ഒരു വിക്കറ്റിന് 63. ഒരു ദിവസത്തെ കളി ശേഷിക്കെയാണ് ഇന്ത്യ വിജയം നേടിയത്.
രണ്ടാം ഇന്നിംഗ്സില്‍ വെറും 91 റണ്‍സിന് ബംഗ്ലാദേശിനെ പുറത്താക്കിയ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റിന് 64 റണ്‍സടിച്ചെടുത്ത് വിജയലക്ഷ്യം മറി കടന്നു. ഇന്ത്യയ്ക്കു വേണ്ടി രാഹുല്‍ ദ്രാവിഡ് 41ഉം എസ്. ദാസ് 22ഉം റണ്‍സെടുത്തു. ഒരു റണ്ണെടുത്ത സദഗോപന്‍ രമേഷാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍.
ധാക്ക ടെസ്റ് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ എന്നും ഓര്‍മ്മിക്കും. ഇന്ത്യന്‍ ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യം കളിച്ച ടെസ്റില്‍ തന്നെ വിജയം നേടാന്‍ സാധിച്ചതില്‍ സൗരവ് ഗാംഗുലിക്ക് അഭിമാനിക്കാം. തോറ്റെങ്കിലും അരങ്ങേറ്റ ടെസ്റില്‍ തന്നെ ആറു വിക്കറ്റ് നേടാന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നൈമുര്‍ റഹ്മാന് സാധിച്ചു.