ധാക്ക: വര്‍ഷങ്ങള്‍ക്കു ശേഷം വിദേശ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊരു ടെസ്റ് വിജയം അടുത്തെത്തിയിരിക്കുന്നു. ധാക്കയിലെ ബംഗബന്തു സ്റേഡിയത്തില്‍ നടക്കുന്ന ഏക ടെസ്റില്‍ ബംഗ്ലാദേശിനെ രണ്ടാം ഇന്നിംഗ്സില്‍ 91 റണ്‍സിന് പുറത്താക്കിയതോടെയാണ് ഈ അവസരമൊരുങ്ങിയത്.
ഇന്ത്യയ്ക്ക് ജയിക്കാന്‍ 63 റണ്‍സാണ് ആവശ്യമായിട്ടുള്ളത്. ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ സ്കോറായ 400നെതിരെ ഇന്ത്യ 429 റണ്‍സെടുത്തിരുന്നു. 29 റണ്‍സിന്റെ ലീഡ്. സൗരവ് ഗാംഗുലി ക്യാപ്റ്റനായതിനു ശേഷം നടക്കുന്ന ആദ്യ ടെസ്റാണിത്.
രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗ്ലാദേശ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഒന്നാം ഇന്നിംഗ്സില്‍ കണ്ട മികച്ച ബാറ്റിംഗ് ബംഗ്ലാദേശ് മറന്നതു പോലെ തോന്നി. ഒന്നാം ഇന്നിംഗ്സില്‍ 71 റണ്‍സ് അടിച്ച ബാഷര്‍ മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ അല്പമെങ്കിലും ചെറുത്തു നിന്നത്. ബാഷര്‍ 30 റണ്‍സെടുത്തു.
ഒന്നാം ഇന്നിംഗ്സില്‍ ഏറെ പഴി കേട്ട ഇന്ത്യന്‍ ബൗളിംഗ് നിര നാലാം ദിവസം അവസരത്തിനൊത്തുയരുകയായിരുന്നു. ജവഗല്‍ ശ്രീനാഥും സുനില്‍ ജോഷിയും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. അജിത് അഗാര്‍ക്കര്‍ രണ്ടും സഹീര്‍ ഖാനും മുരളി കാര്‍ത്തിക്കും ഓരോന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.