കൊല്‍ക്കത്ത: ഏകദിനപ്പോരാട്ടം തുടങ്ങിയില്ല, അതിനുമുന്‍പേ ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ അടിയറവു പറഞ്ഞ മട്ടാണ്. അല്ലെങ്കില്‍ ഈ പ്രശംസ അല്പം കടന്നു പോയില്ലേ. ഇന്ത്യന്‍ ടീമിലെ കളിക്കാരെല്ലാം ലോകത്തിലെ തന്നെ മികച്ച പ്രതിഭകളാണെന്നാണ് നാസര്‍ ഹുസൈന്റെ പ്രശംസ. ജനവരി 18 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇന്ത്യന്‍ കളിക്കാരുടെ മിടുക്കിനെപ്പറ്റി വാതോരാതെ പറഞ്ഞത്.
ഇന്ത്യന്‍ ടീമിലെ എട്ട്, ഒമ്പത്, പത്ത് കളിക്കാരും ലോകത്തിലെ മികച്ച പ്രതിഭകളാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ലക്ഷ്മണ്‍ 281റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്തെന്നു വരാം. അതല്ലെങ്കില്‍ മറ്റാരെങ്കിലും അത്തരം പ്രകടനം നടത്തിയേക്കാം.- ഹുസൈന്‍ പറഞ്ഞു.
ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ ഷെവാഗ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, ജവഗല്‍ ശ്രീനാഥ് എന്നിവരെ അദ്ദേഹം പ്രത്യേകം പുകഴ്ത്തി. ഇന്ത്യന്‍ ടീമിന്റെ പ്രകടനനിലവാരം കുറയ്ക്കണമെങ്കില്‍ അവരെ കനത്ത സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടണം. പല ടൂര്‍ണ്ണമെന്റുകളുടെയും ഫൈനലുകളില്‍ ഇന്ത്യ തോല്ക്കുന്നതിന്റെ കാരണവും ഇതാണ്. - അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയ്ക്ക് അവരുടെ കഴിവ് പുറത്തെടുക്കാന്‍ അവസരം നല്കിയാല്‍ അത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. ഏകദിനം എന്നത് സമ്മര്‍ദ്ദതന്ത്രങ്ങളുടെ കളിയാണ്. ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ വിജയിച്ചാല്‍ ഞങ്ങള്‍ക്ക് വിജയസാധ്യതയുണ്ട്. - നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
ജനവരി 19 ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനമത്സരം നടക്കും. ആറ് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യത്തേതാണ് ഇത്. നേരത്തെ നടന്ന ടെസ്റ് പരമ്പരയില്‍ ഇന്ത്യ വിജയിച്ചിരുന്നു.