പാരീസ്: ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസും മൂന്നാം സീഡ് മോണിക്കാ സെലസും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ വിഭാഗത്തില്‍ മൂന്നാം റൗണ്ടില്‍ കടന്നു.
ജര്‍മ്മനിയുടെ പുതുമുഖമായ ജൂലിയ എയ്ബിനെതിരെ വളരെ വിഷമിച്ചാണ് ഹിംഗിസ് രണ്ടാം റൗണ്ട് മറ കടന്നത്. ആദ്യ സെറ്റ് 6-4-ന് എളുപ്പത്തില്‍ കരസ്ഥമാക്കിയ ഹിംഗിസിന് രണ്ടാം സെറ്റില്‍ ശക്തമായ ചെറുത്തുനില്പ് നേരിടേണ്ടി വന്നു. അവസാനഗെയിമുകളില്‍ നിര്‍ണായക ബ്രേക്കുകള്‍ നേടിയാണ് അവസാനം ഹിംഗിസ് 7-5ന് സെറ്റ് നേടിയത്.
അതേസമയം മൂന്നാം സീഡ് മോണിക്കാ സെലസ് തന്റെ അപരാഫോം തുടരുകയാണ്. സ്വിറ്റ്സര്‍ലണ്ടിന്റെ ഇമാനുവല്‍ ഗാഗ്ലിയാര്‍ഡിയെ 6-0, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെലസ് മൂന്നാം റൗണ്ടിലെത്തിയിരിക്കുന്നത്.
14-ാം സീഡ് എമിലി മോറീസ്മോ 6-3, 6-4 എന്ന സ്കോറിന് സ്പെയിനിന്റെ ആഞ്ചലസ് മോണടോലിയോയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി.
പുരുഷവിഭാഗത്തില്‍ ഏഴാം സീഡ് തോമസ് എന്‍ക്വിസ്റ് അര്‍ജന്റീനയുടെ ഗാസ്റണ്‍ ഗോഡിയോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു. സ്കോര്‍: 6-3, 6-2, 6-0.