ലണ്ടന്‍: കോഴക്കേസില്‍ കുടുങ്ങി പുറത്തായ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യയെ വധിച്ചതാണെന്ന് സംശയം. ബ്രിട്ടനിലെ സണ്ടേ ഒബ്സര്‍വര്‍ ദിനപത്രമാണ് ഹാന്‍സി ക്രോണ്യയുടെ മരണം സംബന്ധിച്ച് ഇങ്ങിനെ ഒരു ചോദ്യം ഉയര്‍ത്തുന്നത്.
ഇതോടെ ഹാന്‍സി ക്രോണ്യയുടെ മരണം മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് ഒരു വിമാനാപകടത്തിലാണ് ഹാന്‍സി ക്രോണ്യ മരിച്ചത്. വെസ്റേണ്‍ കേപിലുള്ള തന്റെ വസതിയിലേക്ക് ഒരു ചരക്ക് വിമാനത്തില്‍ പറക്കുന്നതിനിടയിലാണ് വിമാനം തകര്‍ന്ന് ഹാന്‍സി ക്രോണ്യ മരിച്ചത്.
ഹാന്‍സി ക്രോണ്യയെ മരണം തട്ടിയെടുത്ത ഈ വ ിമാന റൂട്ട് തീരെ അപകടമില്ലാത്തതാണെന്ന് ഈ റൂട്ടില്‍ പലകുറി വിമാനം പറത്തിയിട്ടുള്ള ഒരു പൈലറ്റ് സാക്ഷ്യപ്പെടുത്തുന്നു. ഹാന്‍സി ക്രോണ്യയുടെ വിമാനം അപകടത്തില്‍ പ്പെട്ടപ്പോഴുണ്ടായിരുന്നതിനേക്കാള്‍ മോശപ്പെട്ട കാലാവസ്ഥയില്‍ ഇതുവഴി വിമാനം പറത്തിയിട്ടുണ്ട് ഈ പൈലറ്റ്. പിന്നെ എന്തുകൊണ്ടാണ് ഹാന്‍സിയുടെ വിമാനം അപകടത്തില്‍പ്പെട്ടത്?- ഇതാണ് സണ്ടേ ഒബ്സര്‍വര്‍ ലേഖകന്‍ ഉയര്‍ത്തുന്ന ചോദ്യം.
ഒരു പക്ഷെ ഹാന്‍സി ക്രോണ്യയില്‍ നിന്ന് കോഴവിവാദം സംബന്ധിച്ച് കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ മനപൂര്‍വം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നോ എന്നും ലേഖകന്‍ ചോദിയ്ക്കുന്നു.
എയര്‍ ക്വാറിയസ് എന്ന വിമാനക്കമ്പനിയിലേക്കും ലേഖകന്‍ കുറ്റാരോപണത്തിന്റെ വിരല്‍ചൂണ്ടുന്നു. തന്റെ വെസ്റേണ്‍ കേപിലുള്ള വീട്ടിലേക്ക് പറക്കാന്‍ ഒരു വിമാനം ആവശ്യപ്പെട്ട് ഹാന്‍സി ക്രോണ്യ എയര്‍ ക്വാറിയസ് എന്ന വിമാനക്കമ്പനിയെ ബന്ധപ്പെട്ടു. അവര്‍ ചാര്‍ട്ടര്‍ വിമാനമായി കൊടുത്തയച്ചത് ഒരു ചരക്ക് വിമാനമാണ്. 2002 മെയ് 31ന് മോശപ്പെട്ട കാലാവസ്ഥമൂലമാണ് വെസ്റേണ്‍ കേപിലെ മലനിരകളില്‍ ഈ വിമാനം തകര്‍ന്നുവീണതെന്ന് പറയുന്നു. തകര്‍ന്നു വീഴാന്‍ പാകത്തില്‍ ഈ വിമാനത്തില്‍ ആരെങ്കിലും കേടുവരുത്തിയിരുന്നോ?
ദക്ഷിണാഫ്രിക്കയിലെ ചില പൊലീസ് ഉദ്യോഗസ്ഥരും ഹാന്‍സി ക്രോണ്യയുടെ മരണം കൊലപാതകമാണെന്ന് കരുതുന്നു. ഇതിന്റെ സത്യം കണ്ടുപിടിക്കാന്‍ അവര്‍ രഹസ്യമായി അന്വേഷണം നടത്തുന്നുമുണ്ട്.
ഒട്ടേറെ പേര്‍ ഹാന്‍സിയുടെ മരണം കൊതിച്ചിരുന്നുവെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും ലേഖകന്‍ പറയുന്നു. ഹാന്‍സിയുടെ മരണം അട്ടിമറി മൂലമായിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷെ അത് ജനങ്ങളോട് തുറന്നുപറയാന്‍ പൊലീസ് മടിയ്ക്കുന്നുവെന്നും ലേഖകന്‍ വാദിയ്ക്കുന്നു.
അങ്ങിനെ മരണത്തിന് ശേഷം ഹാന്‍സിയുടെ പ്രേതവും ദക്ഷിണാഫ്രിക്കയെ വേട്ടയാടുന്നു.