ബറോഡ: അടുത്ത മാസം നടക്കുന്ന സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സൗരവ് ഗാംഗുലി തന്നെ നയിക്കും. ഏപ്രില്‍ 22 ഞായറാഴ്ച ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി ഗാംഗുലിയെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.
സിംബാബ്വെ സന്ദര്‍ശിക്കാനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് 26 പേരുടെ സാദ്ധ്യതാലിസ്റ്റും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദു ബോര്‍ഡെ പ്രസിദ്ധപ്പെടുത്തി. മീഡിയം പേസര്‍ വെങ്കടേഷ് പ്രസാദ്, വിക്കറ്റ് കീപ്പര്‍മാരായ നയന്‍ മോംഗിയ, വിജയ് ദാഹിയ, സ്പിന്നര്‍ അനില്‍ കുംബ്ലെ എന്നിവര്‍ സാധ്യതാ ലിസ്റ്റില്‍ നിന്നും പുറത്തായി. തോളെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം പൂര്‍ണ്ണാരോഗ്യവാനാവത്തതിനാല്‍ തന്നെ സാധ്യതാലിസ്റ്റിലേയ്ക്ക് പരിഗണിക്കേണ്ടെന്ന് കുംബ്ലെ അറിയിച്ചിരുന്നുവെന്ന് ബോര്‍ഡെ പറഞ്ഞു.
ഏഴ് മീഡിയം പേസര്‍മാരും നാല് സ്പിന്നര്‍മാരും രണ്ട് വിക്കറ്റ് കീപ്പര്‍മാരും സാദ്ധ്യതാലിസ്റ്റിലുണ്ട്. മെയ് 13 മുതല്‍ 18 വരെ സാദ്ധ്യതാലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ബാംഗ്ലൂരില്‍ ക്യാംപ് നടത്തും. ഇവരില്‍ നിന്ന് സിംബാബ്വെ സന്ദര്‍ശനത്തിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുക്കും.