Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്സി കൊച്ചിന്‍ തളരുന്നു

കൊച്ചി: ഫുട്ബോള്‍ രംഗത്ത് കേരളത്തിന്റെ അഭിമാനവും രാജ്യത്തെ ആദ്യത്തെ പ്രഫഷണല്‍ ക്ലബുമായ എഫ്സി കൊച്ചിന്‍ തളരുന്നു. 11 പേരടങ്ങിയ തികഞ്ഞൊരു ടീമിനെ പോലും അണിനിരത്താന്‍ കഴിയാത്ത അവസ്ഥയിലാണ് എഫ്സി. പുതിയൊരു സീസണ് മുമ്പത്തെ ഇടവേളയില്‍ രാജ്യത്തെ മറ്റ് ടീമുകളും ക്ലബുകളുമൊക്കെ അടുത്ത സീസണിലേക്കുള്ള കണക്കുകൂട്ടല്‍ നടത്തുമ്പോള്‍ എഫ്സിയുടെ ഭാവിയെ പറ്റി തന്നെ ചോദ്യങ്ങളുയരുകയാണ്.

പിറവിയെടുത്ത അതേവര്‍ഷം തന്നെ രാജ്യത്തെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നായ ഡ്യുറാന്റ് കപ്പ് നേടി മലയാളികള്‍ക്ക് അതിമോഹം നല്‍കിയ എഫ്സി കൊച്ചിന്‍ വളര്‍ന്ന് പന്തലിക്കുമെന്നു കരുതിയവര്‍ നിരാശരാണിപ്പോള്‍. പ്രധാനതാരങ്ങളില്‍ പലരും രാജ്യത്തെ മറ്റു ക്ലബുകളില്‍ ചേര്‍ന്നു. തുറുപ്പുചീട്ടായ ഐ.എം.വിജയന്‍ സട കൊഴിഞ്ഞ സിംഹമായിരിക്കുകയാണെന്ന് ഫുട്ബോള്‍ വിദഗ്ധര്‍ ചൂണ്ടികാട്ടിയിട്ട് നാളേറെയായി. കഴിഞ്ഞ ദേശീയലീഗിലെ വിജയന്റെ പ്രകടനം ഇതിന് അടിവരയിടുന്നു.

താരങ്ങളുടെ മറ്റു ക്ലബുകളിലേക്കുള്ള കൂടുമാറ്റത്തിന്റെ ബഹളങ്ങള്‍ക്കു ശേഷം ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയും തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് എഫ്സി അധികൃതര്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. ട്രാന്‍സ്ഫര്‍ സീസണില്‍ താരവേട്ടക്കിറങ്ങാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല എഫ്സി. ഒടുവില്‍ മറ്റൊരിടത്തു നിന്നും കാര്യമായ ഓഫര്‍ ലഭിക്കാതിരുന്ന വിജയനും അഞ്ചേരിയും പിന്നെ ഏതാനും യുവതാരങ്ങളും അവശേഷിച്ചു.

IM Vijayan11 പേരെ തികച്ച് ടീം സജ്ജമാക്കാന്‍ വിദേശതാരങ്ങളെ കൊണ്ടുവരാനാണ് ക്ലബിന്റെ നീക്കം. ലൈബീരിയയില്‍ നിന്ന് താരങ്ങളെ കണ്ടെത്താനാണ് ശ്രമം. പക്ഷേ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഇനിയും ആയിട്ടില്ല. ടീമില്‍ പരമാവധി കളിക്കാവുന്ന വിദേശതാരങ്ങളുടെ എണ്ണം നാലാണ്. അതേ സമയം അഞ്ച് വിദേശികളെ കൊണ്ടുവരുമെന്നാണ് ക്ലബ് പറയുന്നത്. കോച്ചിന്റെ കാര്യത്തിലും പ്രതിസന്ധിയാണ്. കോച്ചായിരുന്ന ചാത്തുണ്ണി അധികൃതരുമായി തെറ്റി പടിയിറങ്ങി.

എഫ്സി കൊച്ചിനെ കമ്പനിയാക്കി രജിസ്റര്‍ ചെയ്തെങ്കിലും കമ്പനിയും എഫ്സി കൊച്ചിന്‍ ട്രസ്റ്റും തമ്മിലുണ്ടായ പ്രശ്നം മൂലം ഭൂരിഭാഗം ഡയറക്ടര്‍മാരും രാജിവെച്ചു. പുതിയ ആളുകളെ ഡയറക്ടര്‍ ബോര്‍ഡിലെടുക്കാന്‍ ശ്രമം നടന്നുവരികയാണ്. അനിശ്ചിതാവസ്ഥകള്‍ തുടരുമ്പോഴും എങ്ങനെയും സ്പോണ്‍സറെ കണ്ടെത്താന്‍ എഫ്സി ശ്രമിക്കുന്നുണ്ട്. ഫുട്ബോള്‍ രംഗത്ത് കാശെറിയാന്‍ രാജ്യത്തെ കമ്പനികള്‍ മടിച്ചുനില്‍ക്കുന്നത് എഫ്സിക്ക് അവിടെയും വിനയാവുകയാണ്.

ക്ലബിന്റെ ആസ്ഥാനമായിരുന്ന മഹാരാജാസ് കോളജ് സ്റ്റേഡിയം പവലിയനും ഒഴിഞ്ഞുകൊടുത്തു. പിടിച്ചുനില്‍ക്കാന്‍ എഫ്സി ഇപ്പോഴും ശ്രമിക്കുന്നുണ്ട്. സീസണായാല്‍ മാത്രമേ ഈ ശ്രമങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന് പറയാനാകൂ.

Story first published: Wednesday, December 7, 2011, 13:42 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+