കപിലിനെയും ജഡേജയെയും വീണ്ടും ചോദ്യം ചെയ്യും
ദില്ലി: കപില്‍ദേവിനെയും അജയ് ജഡേജയെയും നിഖില്‍ ചോപ്രയെയും ആദായനികുതി ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും.
ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ക്രിക്കറ്റ് കളിക്കാരനായ അജയ് ശര്‍മയെ സപ്തംബര്‍ 12 ചൊവാഴ്ച ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
ആദായത്തെയും ചെലവുകളെയും കുറിച്ച് ചോദ്യം ചെയ്യാനായി അടുത്തുതന്നെ കപിലിനും ജഡേജക്കുംം ചോപ്രക്കും നോട്ടീസ് അയക്കുമെന്ന് ആദായ നികുതി വകുപ്പ് മേധാവി എസ്.സി. പാഞ്ജ സപ്തംബര്‍ 13 ബുധനാഴ്ച പറഞ്ഞു.
ആദായത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്ന ് തോന്നുമ്പോഴൊക്കെ ഇവരെ വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലായ് 20നും 21നും കപിലിന്റെയും മറ്റും വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.
അടുത്ത ചോദ്യം ചെയ്യല്‍ എപ്പോഴാണ് ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാവില്ലെന്ന് പാഞ്ച പറഞ്ഞു.
ഒക്ടോബര്‍ അവസാനത്തോടെ ആദായനികുതി വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ജൂലായില്‍ റെയ്ഡ് നടത്തിയ വീടുകളുടെ ഉടമകളായ കളിക്കാര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയക്കും. വെളിപ്പെടുത്താത്ത വരുമാനം ലഭിച്ചതെങ്ങനെയെന്ന് വ്യക്തമാക്കാന്‍ അവരോട് ആവശ്യപ്പെടും.
വെളിപ്പെടുത്താത്ത വരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിക്കുന്നതിന് അവര്‍ക്ക് 40 ദിവസത്തെ സമയം നല്‍കും. പൂര്‍ണവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കുന്നവരില്‍ നിന്ന് തുകയുടെ അറുപത്
ശതമാനം ഈടാക്കും. വസ്തുതകള്‍ ഇനിയും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യും.ചൊവാഴ്ച നാല് മണിക്കൂര്‍ നേരം ആദായനികുതി ഉദ്യോഗസ്ഥര്‍ അജയ് ശര്‍മയെ ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ടുകളെയും മറ്റ് സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ശര്‍മയോട് ആവശ്യപ്പെട്ടു.
ശര്‍മയുടെ വീട്ടില്‍ നിന്നും ഗൗരവപ്പെട്ട ഒരു രേഖയും കണ്ടെടുത്തിട്ടില്ല. ശര്‍മയയുടെ വീട്ടില്‍ ഇനിയും ഒരു റെയ്ഡ് നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാഞ്ച പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications