കല്‍ക്കത്ത: ബംഗ്ലാദേശുമായുള്ള ടെസ്റ്റ് മത്സരത്തിനുള്ള 14 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധാക്കയിലേയ്ക്കു തിരിച്ചു. നവംബര്‍ ഏഴ് ചൊവാഴ്ചയാണ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം പുറപ്പെട്ടത്.
ഇന്ത്യയുടെ ഇടക്കാല കോച്ച് അന്‍ഷുമാന്‍ ഗെയ്ക്വാദും ടീമിനൊപ്പമുണ്ട്.
നവംബര്‍ 10 വെള്ളിയാഴ്ച മുതല്‍ 14 ചൊവാഴ്ച വരെയാണ് ബംഗ്ലാദേശുമായുള്ള ടെസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ അരങ്ങേറ്റ മത്സരമാണിത്. ഇതോടെ ടെസ്റ്റ് കളിക്കുന്ന പത്താമത്തെ രാജ്യമാവുകയാണ് ബംഗ്ലാദേശ്.
ഇത് മൂന്നാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുന്ന രാജ്യം ഇന്ത്യയ്ക്കെതിരേ കളിക്കുന്നത്. മുമ്പ് പാകിസ്ഥാന്, സിംബാബ്വെ എന്നീ രാജ്യങ്ങളും അരങ്ങേറിയത് ഇന്ത്യയ്ക്കെതിരേയായിരുന്നു.
ധാക്കയിലെ ഏക ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീം ഉടന്‍ തന്നെ നാട്ടിലേയ്ക്കു തിരിക്കും. ഇന്ത്യന്‍ പര്യടനത്തിന് ഇവിടെയെത്തിയിരിക്കുന്ന സിംബാബ്വെയുമായി കളിക്കുന്നതിനാണിത്. നവംബര്‍ 18 ന് ഇന്ത്യാ- സിംബാബ്വെ ആദ്യ ടെസ്റ്റ് ആരംഭിക്കും.
ഷാര്‍ജ കപ്പ് ഫൈനലിലെ ദയനീയ തോല്‍വിക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരമാണ് ധാക്കയിലേത്. കോഴവിവാദത്തിന്റെ നിഴലിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും സജീവമാകുകയാണ്.