വിന്‍സ്റണ്‍ സേലം: അമേരിക്കക്കെതിരായ ഡേവിസ് കപ്പ് ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം വിജയിച്ചു. ഒക്ടോബര്‍ 13 ശനിയാഴ്ച നടന്ന മത്സരത്തില്‍ ഡോണ്‍ ജോണ്‍സണ്‍-ജെയ്ഡ് പാള്‍മര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്പിച്ചത്. സ്കോര്‍: 6-4, 1-6, 6-3, 7-6.
ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്മാരും ലോക ഡബിള്‍സിലെ മികച്ച ജോടിയുമായ ഇന്ത്യന്‍ സഖ്യം പക്ഷെ അമേരിക്കന്‍ സഖ്യത്തിനെതിരെ ചെറുതായൊന്നു വിറച്ചു. ആദ്യ സെറ്റ് 6-4ന് നേടിയെങ്കിലും രണ്ടാമത്തെ സെറ്റ് പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടു. മൂന്നാം സെറ്റില്‍ ഇന്ത്യന്‍ സഖ്യം വീണ്ടും താളം കണ്ടെടുത്തു. എന്നാല്‍ നാലാം സെറ്റില്‍ ടൈബ്രേക്കര്‍ വരെ പോയതിനു ശേഷമാണ് ഇന്ത്യന്‍ സഖ്യത്തിന് ജയം കണ്ടെത്താനായത്.
ഇപ്പോള്‍ അമേരിക്ക 2-1ന് ലീഡ് ചെയ്യുകയാണ്. വെള്ളിയാഴ്ച നടന്ന രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും അമേരിക്ക ജയിച്ചിരുന്നു. ഒക്ടോബര്‍ 14 ഞായറാഴ്ച നടക്കുന്ന രണ്ട് റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് അമേരിക്കക്കെതിരെ ജയം നേടാനാകൂ. എന്നാല്‍ അമേരിക്കക്ക് ഒരു റിവേഴ്സ് സിംഗിള്‍സ് മത്സരം ജയിച്ചാല്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാം.