Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംപ്രേക്ഷണാവകാശ കേസില്‍ റെയ്ഡ്: രേഖകള്‍ കണ്ടെടുത്തു

ദില്ലി: ദൂരദര്‍ശന്‍ ക്രിക്കറ്റ് സംപ്രേക്ഷണാവകാശം സ്വകാര്യചാനലുകള്‍ക്ക് മറിച്ചു വിറ്റുവെന്ന കേസുമായി ബന്ധപ്പെട്ട് സി ബി ഐ അഴിമതി നിരോധന സെല്‍ നവംബര്‍ 13 തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ അഴിമതി വ്യക്തമാക്കുന്ന വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തു.

മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ, ദൂരദര്‍ശനിലെയും പ്രസാര്‍ഭാരതിയിലെയും ഉന്നതോദ്യോഗസ്ഥര്‍, ചില സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് തിങ്കളാഴ്ച റെയ്ഡ് നടന്നത്.

ഡാല്‍മിയയെക്കൂടാതെ ദൂരദര്‍ശന്റെ സാമ്പത്തികോപദേഷ്ടാവ് പി.കെ.സേത്ത്, കായികം, പരസ്യം വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി ഡയറക്ടര്‍കെ .കുഞ്ഞിക്കൃഷ്ണന്‍, വേള്‍ഡ് ടെല്‍ സംപ്രേക്ഷണ കമ്പനിയുടെ അധിപന്‍ മാര്‍ക് മസ്കറീനാസ്, സ്റ്റാര്‍ട്കോണ്‍ മേധാവി സിദ്ധാര്‍ത്ഥ് റേ എന്നിവരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.

1996 മുതല്‍ പല ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേക്ഷണാവകാശം ദൂരദര്‍ശന്‍ സ്വകാര്യചാനലുകള്‍ക്ക് മറിച്ചുവിറ്റതില്‍ വന്‍ അഴിമതിയും അബദ്ധവും നടന്നതായി സി ബി ഐ അഴിമതി നിരോധന സെല്‍ പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

അന്വേഷണത്തെ സഹായിക്കുന്ന പല വിലപ്പെട്ട രേഖകളും കണക്കില്‍പെടാത്ത പണവും റെയ്ഡില്‍ കണ്ടെടുത്തതായി സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ഇടപാടുകളില്‍ ദൂരദര്‍ശന് കോടികളുടെ നഷ്ടവും ഇടപാടുകാര്‍ക്ക് കോടികളുടെ ലാഭവും ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. സംപ്രേക്ഷണാവകാശം സ്വകാര്യചാനലുകള്‍ക്ക് നല്‍കിയതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനുള്ള പങ്കും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംപ്രേക്ഷണാവകാശം മറിച്ചു വിറ്റതു സംബന്ധിച്ച് മുന്‍ ബി സി സി ഐ പ്രസിഡന്റ് ഐ.എസ് .ബിന്ദ്ര സി ബി ഐ ക്ക് ഇക്കഴിഞ്ഞ മെയ് 15ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ ചുവടു പിടിച്ചാണ് സി ബി ഐ അന്വേഷണം പുരോഗമിക്കുന്നത്.

ദൂരദര്‍ശനില്‍ നടത്തിയ അഴിമതിയെക്കുറിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും അന്വേഷണം നടത്തുന്നുണ്ട്.

Story first published: Wednesday, December 7, 2011, 13:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+