ബൊഗോട്ട: മെക്സിക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊളംബിയ ചരിത്രത്തിലാദ്യമായി കോപ അമേരിക്ക ചാമ്പ്യന്മാരായി. ജൂലായ് 29 ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ 65ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഇവാന്‍ കോര്‍ഡോബ നേടിയ ഗോളാണ് കൊളംബിയയെ ചാമ്പ്യന്മാരാക്കിയത്.
പരാഗ്വെ റഫറി ഉബാല്‍ദോ അക്വിനോയുടെ ചില വിവാദ തീരുമാനങ്ങളാണ് ഫൈനലിനെ ശ്രദ്ധേയമാക്കിയത്. രണ്ട് മെക്സിക്കോ കളിക്കാരെ പുറത്താക്കിയ റഫറിയുടെ തീരുമാനങ്ങള്‍ ഏറെ ഒച്ചപ്പാടുണ്ടാക്കി. 80ാം മിനിറ്റില്‍ ജുവാന്‍ റോഡ്രിഗ്സിനെയും ഇഞ്ച്വറി ടൈമില്‍ ഗെറാര്‍ഡോ ടൊറാഡോയെയുമാണ് മെക്സിക്കോക്ക് നഷ്ടപ്പെട്ടത്. ഒരു ഗോളിന് പിന്നിട്ടു നിന്ന മെക്സിക്കോ നിരക്ക് ഈ രണ്ടു കളിക്കാര്‍ പുറത്തുപോയതോടെ തിരിച്ചടിക്കാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെടുകയായിരുന്നു.
പക്ഷെ ടൂര്‍ണമെന്റില്‍ ഒറ്റ ഗോളും വഴങ്ങാതെയാണ് തങ്ങള്‍ കിരീടം സ്വന്തമാക്കിയതെന്ന് കൊളംബിയയുടെ നേട്ടത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. 1975ല്‍ കോപ അമേരിക്കയുടെ ഫൈനലിലെത്തിയിരുന്നെങ്കിലും പെറുവിനോട് തോല്‍ക്കാനായിരുന്നു കൊളംബിയയുടെ വിധി. 26 വര്‍ഷത്തിനു ശേഷം വീണ്ടും ഫൈനലിലെത്തിയ അവര്‍ പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.