കോഴിക്കോട്: ദേശീയ ചെസ് ഹാള്‍ ഓഫ് ഫെയിം കോഴിക്കോട് സ്ഥാപിയ്ക്കുന്നു. ഫോട്ടോ ഗാലറി, ലൈബ്രറി, ചെസിലെ പ്രധാനസംഭവങ്ങളുടെ വീഡിയോ ശേഖരം എന്നിവ ഉള്‍പ്പെട്ട ഈ ചെസ് ഹാള്‍ ഓഫ് ഫെയിം ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷനായിരിക്കും(എഐസിഎഫ്) കോഴിക്കോട് സ്ഥാപിയ്ക്കുക. ഡിസംബറോടെ ഇത് യാഥാര്‍ത്ഥ്യമാകും.
എഐസിഎഫ് ദേശീയ സെക്രട്ടറി പി.ടി. ഉമ്മര്‍കോയ ജൂലായ് ഏഴ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെഡറേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് യുഎസിലെ മിയാമിയില്‍ സ്ഥാപിച്ച ചെസ് ഹാള്‍ ഓഫ് ഫെയിമിന്റെ മാതൃകയ്ക്കനുയോജ്യമായ ഒന്നായിരിക്കും കോഴിക്കോട്ടെ ചെസ് ഹാള്‍ ഓഫ് ഫെയിം. ഇന്ത്യയുടെ ലോകചാമ്പ്യന്‍മാരുടെ ഫൊട്ടോഗ്രാഫുകള്‍, എഐസിഎഫിന്റെ ചരിത്രം വിശദീകരിയ്ക്കുന്ന വലിയ ഹാള്‍, പ്രധാന ചെസ് മത്സരങ്ങളെപ്പറ്റിയുള്ള ആല്‍ബങ്ങള്‍, ഗ്രാന്റ് മാസ്റര്‍മാര്‍, വനിതഗ്രാന്റ് മാസ്റര്‍മാര്‍, ഇന്റര്‍നാഷണല്‍ മാസ്റര്‍മാര്‍ എന്നിവരുടെ ചിത്രങ്ങള്‍ എന്നിവ ഹാളില്‍ പ്രദര്‍ശിപ്പിയ്ക്കും. 5000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളില്‍ ആയിരിക്കും ചെസ് ഹാള്‍ ഓഫ് ഫെയിം ഒരുക്കുക.
ആയിരക്കണക്കിന് ചെസ് പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ടായിരിക്കും. ചെസ് സംബന്ധിച്ചുള്ള എല്ലാ വാരികകളും മാസികകളും ഇവിടെ ലഭ്യമായിരിക്കും. 2004 ഡിസംബറോടെ പണി തീര്‍ക്കാനാണ് ആലോചിയ്ക്കുന്നത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷനില്‍(ഫിഡെ) നിന്നും ധനസഹായം തേടുമെന്നും ഉമ്മര്‍കോയ പറഞ്ഞു. ഫിഡെ വൈസ് പ്രസിഡന്റ് കൂടിയാണ് ഉമ്മര്‍കോയ.
ആനന്ദിന്റെ പേരില്‍ സ്റാമ്പിറക്കണം
ഇന്ത്യയ്ക്ക് ചെസിലൂടെ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ചെസ് ഗ്രാന്റ് മാസ്റര്‍ ആനന്ദിന്റെ പേരില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്റാമ്പിറക്കണമെന്ന് ഉമ്മര്‍ കോയ ആവശ്യപ്പെട്ടു.