ദില്ലി: കപില്‍ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജിത് വഡേക്കര്‍, രവിശാസ്ത്രി, സുനില്‍ ഗവാസ്കര്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് മൊഴിയെടുപ്പിനായി സി.ബി.ഐക്കു മുന്നില്‍ ഹാജരാകാന്‍ സമന്‍സ്.
അജയ് ജഡേജ, പ്രശാന്ത് വൈദ്യ, ബി.സി.സി.ഐയുടെ മുമ്പത്തെയും ഇപ്പോഴത്തെയും ഭാരവാഹികള്‍, ചില സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സി.ബി.ഐ. സമന്‍സ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ ചില പത്രക്കാരും വാതുവെപ്പുകാരും ബിസിനസുകാരും സമന്‍സ് ലഭിച്ചവരില്‍ ഉള്‍പ്പെടും. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനും സിനിമാനടി അഞ്ജു മഹേന്ദ്രുവിനും ടി.വി. കമന്റേറ്റര്‍ നരോത്തം പുരിയ്ക്കും സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമന്‍സ് അയച്ചിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയയെയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്ജോത് സിംഗ് സിദ്ദുവിനെയും സി.ബി.ഐ ചോദ്യം ചെയ്തു കഴിഞ്ഞു.
മനോജ് പ്രഭാകര്‍ സി.ബി.ഐക്ക് സമര്‍പ്പിച്ച വീഡിയോ ടേപ്പില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ടന്നാണ് കരുതുന്നത്. എന്നാല്‍ ഇവരുടെ മൊഴിയെടുപ്പ് എന്ന് നടക്കുമെന്നത് വ്യക്തമല്ല. വഡേക്കറിനെയും ഗവാസ്കറിനെയും ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. സി.ബി.ഐ. ഇവരെ ചോദ്യം ചെയ്യേണ്ടതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണന്നും ഉടന്‍ തന്നെ മൊഴിയെടുപ്പ് നടക്കുമെന്നും സി.ബി.ഐ വക്താവ് പറഞ്ഞു.
94-ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പില്‍ ഒരു കളി തോറ്റുകൊടുക്കാന്‍ കപില്‍ ദേവ് തനിക്ക് 25 ലക്ഷം കോഴ വാഗ്ദാനം ചെയ്തുവെന്നാണ് മനോജ് പ്രഭാകറിന്റെ ആരോപണം. തെളിവിനായി അദ്ദേഹം സി.ബി.ഐക്ക് സമര്‍പ്പിച്ച വീഡിയോ ടേപ്പില്‍ അസ്ഹറുദ്ദീന്‍, ജഡേജ, മോംഗിയ, അജയ്ശര്‍മ്മ തുടങ്ങിയവരെയും പ്രതിസ്ഥാനത്തു ചേര്‍ത്തിട്ടുണ്ട്.
സിദ്ദു, മോംഗിയ, വൈദ്യ എന്നിവരെ സാക്ഷികളായും പ്രഭാകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കപില്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തപ്പോള്‍ അക്കാര്യം താന്‍ അന്നത്തെ ടീം മാനേജര്‍ അജിത് വഡേക്കര്‍, ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍, കമന്റേറ്റര്‍മാരായ രവി ശാസ്ത്രി, ഗവാസ്കര്‍ എന്നിവരെ അറിയിച്ചിരുന്നുവെന്നാണ് പ്രഭാകര്‍ അവകാശപ്പെടുന്നത്.
പേരു വെളിപ്പെടുത്തിയതിനു ശേഷം ശാസ്ത്രി ഒഴികെ ഉള്ളവരെല്ലാം ആരോപണം നിഷേധിച്ചു. അതിനുശേഷമാണ് കപില്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന് ഇവരെല്ലാം സമ്മതിക്കുന്ന വീഡിയോ ടേപ്പ് പ്രഭാകര്‍ സി.ബി.ഐക്ക് നല്‍കിയത്.