ലണ്ടന്‍: ഇന്ത്യയുടെ മഹേഷ് ഭൂപതിയും കൂട്ടൂകാരി റഷ്യയുടെ എലേന ലിക്കോസേവയും ചേര്‍ന്ന സഖ്യം വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് ഡബിള്‍സിന്റെ സെമിഫൈനലില്‍ കടന്നു.
ജൂലായ് ആറ് വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തില്‍ നാലാം സീഡായ ഭൂപതി-എലേന സഖ്യം അമേരിക്കന്‍-ആസ്ത്രേലിയന്‍ കൂട്ടുകെട്ട് ബോബ് ബ്രയാന്‍-ലിസാ മക്സിയ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-1, 4-6, 15-13.
സീഡ് ചെയ്യപ്പെടാത്ത എതിരാളികള്‍ക്കെതിരെ ആദ്യസെറ്റ് 6-1ന് നേടിക്കൊണ്ട് ഭൂപതിയും കൂട്ടുകാരിയും മുന്നിലെത്തിയെങ്കിലും രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ജീവന്മരണ പോരാട്ടമാണ് കണ്ടത്. ഇരുകൂട്ടരും സര്‍വുകള്‍ നിലനിര്‍ത്തിയും ഭേദിച്ചും തുല്യനിലയില്‍ നിന്നതോടെ സ്കോര്‍ 15-13 വരെ പോകേണ്ടിവന്നു വിജയിയെ കണ്ടെത്താന്‍.
രണ്ടാം സീഡ് എലിസ് ഫെരീര-ആയി സുഗിയാമ സഖ്യവും മൈക്ക് ബ്രയാന്‍-ലീസല്‍ ഹ്യൂബര്‍ സഖ്യവും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയിയെയാണ് സെമിഫൈനലില്‍ ഭൂപതിയും കൂട്ടുകാരിയും നേരിടുക.