For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീനമോള്‍ തോറ്റത് മഴ ചതിച്ചതിനാല്‍

By Staff

സിഡ്നി: ഒളിംപിക്സ് 400 മീറ്റര്‍ ഫൈനലിലെത്താമെന്ന കെ. എം ബീനമോളുടെയും ഇന്ത്യയുടെയും മോഹങ്ങള്‍ക്കു വിഘാതമായത് സിഡ്നിയിലെ ആസ്ട്രേലിയ സ്റ്റേഡിയത്തില്‍ തകര്‍ത്തു പെയ്ത മഴ.

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ രണ്ടാമതായി അത്ലറ്റിക് ഇനത്തിന്റെ ഫൈനലിലെത്തുന്ന വനിതാതാരമാകാമെന്ന ബീനമോളുടെ പ്രതീക്ഷകള്‍ മഴയിലൊലിച്ചു പോയപ്പോള്‍ തേങ്ങിയത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും കായികമനസും കൂടിയാണ്.

ഇന്ത്യയുടെ 29 അംഗ അത്ലറ്റിക് സംഘത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ബീനമോളുടെ ഫൈനല്‍ പ്രവേശം എല്ലാവരും കണക്കു കൂട്ടിയതായിരുന്നു. എന്നാല്‍ മത്സരത്തിനു തൊട്ടുമുമ്പു പെയ്ത മഴമൂലം ട്രാക്ക് വഴുക്കിയതിനാല്‍ ഉദ്ദേശിച്ച വേഗത്തില്‍ ബീനമോള്‍ക്ക് ഓടാന്‍ കഴിഞ്ഞില്ല .

ഒരു ലാപ് മത്സരത്തില്‍ എട്ടാമത്തെ ലെയിനിലായിരുന്നു ബീന. നല്ല തുടക്കം മുതലാക്കി ആദ്യ 200 മീറ്റര്‍ വരെ ബീന ആദ്യ നാലു സ്ഥാനക്കാരില്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ പിന്നീട് ട്രാക്ക് തെന്നിത്തുടങ്ങിയപ്പോള്‍ ബീനയ്ക്കു ബാലന്‍സ് നഷ്ടപ്പെട്ടതോടെ അവര്‍ പിന്നിലാവുകയായിരുന്നു.

എങ്കിലും ബീനയ്ക്കു സംതൃപ്തിയോടെ മടങ്ങാം. കാരണം ഇന്ത്യയെ പ്രതിനിധീകരിച്ച 29 അത്ലറ്റുകളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കോരുത്തോട് സ്കൂളിലെ മലമടക്കുകളുടെ ട്രാക്കില്‍ ഓട്ടം പഠിച്ച ഈ 25 കാരിയാണ്. 400മീറ്റര്‍ മത്സരത്തിന്റെ ഒന്നാം റൗണ്ടില്‍ ലോകോത്തര അത്ലറ്റുകളെയെല്ലാം പിന്നിലാക്കി 51.51 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയതും ബീന തന്നെ.

സപ്തംബര്‍ 23 ശനിയാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിലും മികച്ച പ്രകടനത്തോടെയാണ് ബീന സെമിയില്‍ കടന്നത്. എന്നാല്‍ പി .ടി.ഉഷയുടെയും ഷൈനി വിത്സന്റെയും പിന്‍ഗാമിയായി ഇന്ത്യന്‍ അത്ലറ്റിക്സ് രംഗത്തു മലയാളി മേധാവിത്വത്തിനു നേതൃത്വം നല്‍കുന്ന ബീനയ്ക്ക് പക്ഷേ ഒളിംപിക്സ് ഫൈനലിലും ഇവരുടെ പിന്‍ഗാമിയായി എത്തി ചരിത്രം കുറിയ്ക്കാനായില്ലെന്ന ദു:ഖം മാത്രം ബാക്കി.

1984 ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ആയിരുന്നു ഉഷയുടെയും ഷൈനിയുടെയും മികച്ച പ്രകടനങ്ങള്‍. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ഉഷയ്ക്കു വെങ്കലം നഷ്ടപ്പെട്ടതു തലനാരിഴയ്ക്ക്. ഷൈനിയാകട്ടെ 400 മീറ്ററില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്ലറ്റുമായി.

Story first published: Sunday, September 24, 2000, 5:30 [IST]
Other articles published on Sep 24, 2000
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+