ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ കോഴവിവാദത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ മുംബൈ ലോബിയെക്കുറിച്ച് വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.
ഗവാസ്കറിന്റെ ജിംഖാന ലോക്കറിലുള്ള 70 ലക്ഷം രൂപയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. രവിശാസ്ത്രിയുടെ അലിബോഗ് ഫാംഹൗസിനെയും മറ്റു വിലപിടിപ്പുള്ള വസ്തുവകകളെയും കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ? വിനോദ് കാംബ്ലിയുടെ ലോക്കറില്‍ നിന്ന് പണം എങ്ങോട്ടാണ് പോയത്? അസ്ഹര്‍ ചോദിച്ചു.
ഔട്ട്ലുക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അസ്ഹര്‍ ഇങ്ങനെ പറഞ്ഞത്. എട്ടുമാസമായി ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്ത് കോഴവിവാദം കൊടുമ്പിരി കൊണ്ടിരുന്നപ്പോഴും അന്വേഷണത്തെത്തുടര്‍ന്ന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും അസ്ഹര്‍ മൗനം ഭജിക്കുകയായിരുന്നു.
മത്സരത്തിനിടയില്‍ താന്‍ നൂറു ശതമാനം കൂറുപുലര്‍ത്തിയിരുന്നില്ലെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മൊഴിയും അസ്ഹര്‍ ഖണ്ഡിച്ചു. അത് പൂര്‍ണമായും തെറ്റാണ്. സച്ചിന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞാനാണ് കൂടുതല്‍ റണ്‍സ് നേടിയത്. സച്ചിന്‍ ഇങ്ങനെയൊരു പ്രസ്താവനയിറക്കാന്‍ കാരണമെന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല- അസ്ഹര്‍ പറഞ്ഞു.
ക്യാപ്റ്റനായിരുന്നപ്പോഴും തനിക്കെതിരെ നീക്കമുണ്ടായിരുന്നുവെന്ന് അസ്ഹര്‍ പറഞ്ഞു. തന്റെ ക്യാപ്റ്റന്‍സിയെ ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യ എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിബിഐ അന്വേഷണറിപ്പോര്‍ട്ട് ഒരു ബ്ലാക്ക്മെയില്‍ റിപ്പോര്‍ട്ടുപോലെയാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്റെ നേരെ പലര്‍ക്കും അസൂയയുണ്ടായിരുന്നെന്ന് തോന്നുന്നു. എന്റെ കരിയര്‍ വളരെ വിജയകരവും നീണ്ടതുമായിരുന്നല്ലോ.
എന്തായാലും ഈ വിവാദത്തില്‍ നിന്ന് തനിക്ക് മോചിതനാകാന്‍ കഴിയുമെന്ന് അസ്ഹറുദ്ദീന്‍ പ്രത്യാശിച്ചു. ക്രിക്കറ്റ് അക്കാദമി തുടങ്ങാനും നൂറാമത് ടെസ്റ് കളിക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.