ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെ സി ബി ഐ മൂന്ന് മണിക്കൂറോളം ജൂണ്‍ 22 വ്യാഴാഴ്ച ചോദ്യം ചെയ്തു. ക്രിക്കറ്റിലെ കളിയുറപ്പിക്കലുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെ ചോദ്യം ചെയ്തത്.
സ്വമേധയല്ല അസ്ഹറുദ്ദീന്‍ വന്നതെന്നും സമ്മന്‍സ് ലഭിച്ചപ്പോഴാണ് ഹാജരായതെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ സമയം പതിനൊന്ന് മണിയോടെയാണ് അദ്ദേഹം സി ബി ഐ ഓഫിസില്‍ എത്തിയത്. ഏപ്രില്‍ അവസാനത്തോടെ അന്വേഷണ ചുമതല ലഭിച്ച സി ബി ഐ ഇതു വരെ ധാരാളം പ്രമുഖ ക്രിക്കറ്റ് കളിക്കാരെ ചോദ്യം ചെയ്തു കഴിഞ്ഞു. സി ബി ഐ ഓഫീസിലേക്കുള്ള അസ്ഹറിന്റെ ആദ്യ വരവാണിത്.
ഇപ്പോഴത്തെ അന്വേഷണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും സി ബി ഐ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല വാതു വെപ്പ് കേസുകളുടേയും പ്രധാന പ്രതിയായി സംശയിക്കപ്പെടുന്നതു കൊണ്ടാണ് അസ്ഹറിനെ ചോദ്യം ചെയ്യേണ്ടി വന്നത് എന്ന് സി ബി ഐ കേന്ദ്രങ്ങള്‍ അറിയിച്ചു.
അസ്ഹറാണ് തനിക്ക് മുകേഷ് ഗുപ്തയെന്ന വാതുവെപ്പുകാരനെ പരിചയപ്പെടുത്തിതന്നത് എന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ ദക്ഷിണാഫ്രിക്കയിലെ അന്വേഷണകമ്മീഷന്‍ മുന്‍പാകെ മൊഴി കൊടുത്തിരുന്നു. 1996 ല്‍ കാണ്‍പുരില്‍ വെച്ച് ഇന്ത്യാ ദക്ഷിണാഫ്രിക്ക പരമ്പര നടക്കുമ്പോഴാണ് ഈ സംഭവം.
കളി തോറ്റു കൊടുക്കുന്നതിനും മറ്റ് വിവരങ്ങള്‍ കൊടുക്കുന്നതിനുമായി 80,000 ഡോളര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് ക്രോണ്യെ സമ്മതിച്ചിട്ടുണ്ട്. അസ്ഹറുദ്ദീനെ ചോദ്യം ചെയ്തതില്‍ സി ബി ഐ ഉദ്യോഗസഥര്‍ തൃപ്തരാണോ എന്നറിവായിട്ടില്ല. ഇല്ലെങ്കില്‍ അസ്ഹറിന് ഇനിയും വരേണ്ടി വരും.