ദില്ലി: കെ.എം. ബീനമോള്‍ക്കും സെബാസ്റ്യന്‍ സേവ്യര്‍ക്കും അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ സിഡ്നി ഒളിമ്പിക്സിന്റെ 400 മീറ്ററില്‍ ഫൈനലിലെത്തിയതിനാണ് ബീനമോള്‍ക്ക് അവാര്‍ഡ്. ഈ വര്‍ഷം അര്‍ജുന ലഭിച്ച ഏക അത്ലറ്റും അവര്‍ മാത്രമാണ്. നീന്തലിലെ മികച്ച പ്രകടനങ്ങളാണ് സെബാസ്റ്യന്‍ സേവ്യറെ അര്‍ജുന അവാര്‍ഡിനര്‍ഹനാക്കിയത്.
കായികരംഗത്ത് ഇന്ത്യാ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡിന് പുല്ലേല ഗോപീചന്ദ് അര്‍ഹനായി. ബാഡ്മിന്റണില്‍ ഓള്‍-ഇംഗ്ലണ്ട് ചാമ്പ്യനായതാണ് ഗോപീചന്ദിനെ ഈ ബഹുമതിക്കര്‍ഹനാക്കിയത്.
16 അര്‍ജുന അവാര്‍ഡുകളാണ് ആഗസ്ത് രണ്ട് വ്യാഴാഴ്ച കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാ ഭാരതി പ്രഖ്യാപിച്ചത്. വെങ്കിടേഷ് പ്രസാദ് (ക്രിക്കറ്റ്), രണ്‍ധീര്‍ സിംഹ്, കൃപാ ശങ്കര്‍ പട്ടേല്‍ (റസ്ലിംഗ്), അഞ്ജലി വേദ്പഥക്, അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്), ബല്‍ജീത് സിംഹ് സെയ്നി, തിംഗൊലീമ ചാനു (ഹോക്കി), ജെ. അഭിജിത്ത് (നീന്തല്‍) എന്നിവര്‍ അര്‍ജുന അവാര്‍ഡ് കിട്ടിയവരില്‍ ഉള്‍പ്പെടും.
അഞ്ച് കോച്ചുകള്‍ക്ക് ദ്രോണാചാര്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ ബാഡ്മിന്റണ്‍ ടീം കോച്ച് എസ്.എം. ആരിഫും ഈ അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടും.
രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്ക് മൂന്നു ലക്ഷം രൂപയും അര്‍ജുനയ്ക്ക് ഒരു ലക്ഷം രൂപയും ദ്രോണാചാര്യയ്ക്ക് 2.5 ലക്ഷം രൂപയുമാണ് അവാര്‍ഡ് തുക.