Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് കനത്ത പരാജയം

ധാക്ക: ഏകദിനക്രിക്കറ്റിലെ ശിശുക്കളായ ബംഗ്ലാദേശിനെതിരെ ആധികാരിക വിജയം നേടിയ ഇന്ത്യ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തകര്‍ന്നു തരിപ്പണമായി. വ്യഴാഴ്ച നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് 71 റണ്ണിനാണ് തോറ്റത്.

ഏകദിനത്തില്‍ എട്ടാമത്തെ സെഞ്ച്വറി കണ്ടെത്തുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയാണ് മാന്‍ ഓഫ് ദി മാച്ച്.

277 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 45 ഓവറില്‍ 205 റണ്ണിന് എല്ലാവരും പുറത്താകുകയായിരുന്നു. 95 പന്തില്‍ 93 റണ്ണെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും പരാജയമായിരുന്നു.

സ്കോര്‍ 38-ലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ (13) നഷ്ടപ്പെട്ടു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ സുനില്‍ ജോഷി (12) എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിനുമുമ്പ് വിക്കറ്റ് കീപ്പര്‍ കലുവിതരണയുടെ കൈയിലകപ്പെട്ടു.

പിന്നീട് രാഹുല്‍ ദ്രാവിഡും ടെണ്ടുല്‍ക്കറും ക്രീസില്‍ നിന്നപ്പോള്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു. 13 റണ്ണെടുത്ത രാഹുല്‍ദ്രാവിഡ് ജയസൂര്യക്ക് മുന്നില്‍ കീഴടങ്ങി. പിന്നീട് ഇന്ത്യയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. മൂന്നു റണ്ണെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍ റണ്ണൗട്ടായി. ജഡേജ എട്ടും റോബിന്‍ സിംഗ് ആറും റണ്ണെടുത്തപ്പോള്‍ അഗാര്‍ക്കര്‍ വീണ്ടു ംപൂജ്യനായി മടങ്ങി. 18 റണ്‍ നേടിയ അനില്‍ കുംബ്ലെ പുറത്താകാതെ നിന്നു.

46 റണ്ണിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ കൗശല്യ വീരരത്നയാണ് ഇന്ത്യന്‍ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. സോയ്സ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്ണെടുത്തു. 105 റണ്ണെടുത്ത ക്യാപ്റ്റന്‍ സനത് ജയസൂര്യയുടെ ഇന്നിംഗ്സാണ് ശ്രീലങ്കന്‍ റണ്ണിന്റെ കരുത്തായി മാറിയത്.

ടോസ് നേടി ബാറ്റിംഗാരംഭിച്ച ശ്രീലങ്കക്ക് ജയസൂര്യയും അരവിന്ദ ഡിസില്‍വയും ചേര്‍ന്ന് നല്ല തുടക്കമാണ് സമ്മാനിച്ചത്. ഇന്ത്യയുടെ ഓപ്പണിംഗ് ബൗളര്‍മാരായ അജിത് അഗാര്‍ക്കറിനെയും തിരുനാവക്കരശ് കുമരനെയും തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിന് 58 റണ്‍ നേടി ശ്രീലങ്കന്‍ ഇന്നിംഗ്സിന് അടിത്തറ പാകി.

23 റണ്ണെടുത്ത ഡിസില്‍വയെ കുമരന്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയതിനുശേഷം എത്തിയ മാര്‍വന്‍ അട്ടപ്പട്ടുവുമൊത്ത് ജയസൂര്യ രണ്ടാം വിക്കറ്റിന് 104 റണ്‍ പടുത്തുയര്‍ത്തി. ശ്രീലങ്കന്‍ സ്കോര്‍ 162-ലെത്തിയപ്പോള്‍ അട്ടപ്പട്ടു വീണു. ടെണ്ടുല്‍ക്കറിന്റെ പന്തില്‍ ദ്രാവിഡിന് ക്യാച്ച്.

പിന്നീട് വ്യക്തമായ ഇടവേളകളില്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാരൊന്നൊന്നായി കൂടാരം കയറാന്‍ തുടങ്ങിയതോടെ സ്കോറിംഗ് റേറ്റ് കുത്തനെ താണു. ഇതിനിടയിലും പൊരുതി നിന്ന ജയസൂര്യ 105 റണ്‍ നേടി.

ഏഴാം വിക്കറ്റില്‍ രമേഷ് കലുവിതരണയും ചാമിന്ദ വാസും ചേര്‍ന്ന് 55 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ടാണ് ശ്രീലങ്കയെ 276 റണ്ണിലെത്തിച്ചത്. കലുവിതരണ 39 പന്തില്‍ നിന്ന് 33 റണ്ണെടുത്തു. കളി അവസാനിക്കുമ്പോള്‍ വാസ് 24 റണ്ണോടെയും ദില്‍ഷന്‍ ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.

ഇന്ത്യക്കുവേണ്ടി ടെണ്ടുല്‍ക്കര്‍ 44 റണ്ണിനും അഗാര്‍ക്കര്‍ 51 റണ്ണിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കുമരന്‍, ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി.

Story first published: Thursday, June 1, 2000, 23:53 [IST]
Other articles published on Jun 1, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+