ചെന്നൈ: ലോംഗ്ജമ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ അഞ്ജു ബി. ജോര്‍ജ്ജ് അമേരിക്കയില്‍ പരിശീലനം ആരംഭിച്ചു. മുന്‍ ഒളിമ്പിക്സ് ചാമ്പ്യനായ മൈക്ക് പവലിന്റെ കീഴിലാണ് അഞ്ജുവിന്റെ പരിശീലനം.
2004ലെ ഏതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജു യുഎസില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് കാലിഫോര്‍ണിയയിലേക്ക് തിരിച്ചത്. പരിശീലനത്തോടൊപ്പം അന്താരാഷ്ട്ര മത്സരങ്ങളിലും അഞ്ജു പങ്കെടുക്കും. മെയ് 10ന് വടക്കന്‍ കാലിഫോര്‍ണിയയിലെ മോഡെസ്റോവില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ജു പങ്കെടുക്കുന്നുണ്ട്.
ഏതന്‍സ് ഒളിമ്പിക്സില്‍ മെഡല്‍ നേടാനുള്ള കഴിവ് അഞ്ജുവിനുണ്ടെന്ന് മൈക്ക് പവല്‍ കരുതുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കോച്ചായ മൈക്ക് പവലുമായി അഞ്ജു പരിശീലനം തുടങ്ങിക്കഴിഞ്ഞു.- അഞ്ജുവിന്റെ ഭര്‍ത്താവ് റോബര്‍ട്ട് ജോര്‍ജ്ജ് പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ആറ് മാസമായിരിക്കും പരിശീലനം. പക്ഷെ 2004ലെ ഒളിമ്പിക്സ് തുടങ്ങുന്നതുവരെ പരിശീലനം തുടരുമെന്നും റോബര്‍ട്ട് ജോര്‍ജ്ജ് പറഞ്ഞു. ഇപ്പോള്‍ അമേരിക്കയിലെ കാലവസ്ഥയുമായി അഞ്ജു പൊരുത്തപ്പെട്ടുകഴിഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അഞ്ജു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓട്ടുമെഡല്‍ നേടിയിരുന്നു. ബര്‍മിംഗ് ഹാമില്‍ 2003 ജനവരിയില്‍ നടന്ന ലോക ഇന്‍ഡോര്‍ അത്ലറ്റിക് മീറ്റില്‍ ഏഷ്യയില്‍ നിന്ന് പങ്കെടുക്കാന്‍ അര്‍ഹത നേടിയ ഏകതാരമാണ് അഞ്ജു. ഇപ്പോള്‍ ലോംഗ്ജമ്പില്‍ ലോകത്ത് 13ാം സ്ഥാനമുള്ള അഞ്ജു ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലും ദേശീയ റെക്കോഡിനുടമയാണ്.